ദുല്‍ഖറിന്റെ പുതിയ സിനിമയുടെ ടീസര്‍ കണ്ടപ്പോള്‍ ആ കാലമാണ് ഓര്‍മ്മയില്‍ വന്നത്; ഓര്‍മ്മകള്‍ പങ്കുവെച്ച് സത്യന്‍ അന്തിക്കാട്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് .ഇപ്പോഴിതാ ദുല്‍ഖര്‍ ചിത്രത്തിന്റെ ടീസര്‍ തന്നെ പഴയ ചില ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കു വെച്ചിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

ജോണ്‍സണ്‍ മാഷിനൊപ്പമുള്ള ആ പഴയ നല്ല കാലം തനിക്ക് ഓര്‍മ്മ വന്നുവെന്ന് അദ്ദേഹം പറയുന്നു. സിനിമകള്‍ക്കു വേണ്ടി കമ്പോസിങ്ങിനിരിക്കുമ്പോള്‍ പാടാന്‍ നിര്‍ബന്ധിക്കുകയും ഹാര്‍മോണിയം വെച്ച് അദ്ദേഹം പാടുന്നത് എത്ര കേട്ടാലും മതിവരാറില്ലെന്നും സത്യന്‍ അന്തിക്കാട് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ സിനിമകളുടെ സ്ഥിരം സംഗീത സംവിധായകനായിരുന്നു ജോണ്‍സണ്‍. അന്നൊക്കെ ഏതു സിനിമയുടെ കമ്പോസിംഗിനു വന്നാലും രണ്ടു പാട്ടുകള്‍ പാടിക്കേള്‍ക്കണമെന്ന് സ്നേഹപൂര്‍വ്വം ഞാന്‍ നിര്‍ബ്ബന്ധിക്കും.

“ഇയാളെക്കൊണ്ടു തോറ്റു” എന്നു പറഞ്ഞ് ഹാര്‍മ്മോണിയത്തില്‍ വിരലോടിച്ച് ആര്‍ദ്രമായ ശബ്ദത്തില്‍ ജോണ്‍സണ്‍ പാടും.. “ഗോപികേ നിന്‍ വിരല്‍” “അനുരാഗിണീ ഇതാ എന്‍..”

എത്ര തവണ കേട്ടാലും കണ്ടാലും മതിയാവാറില്ല.

ആ ജോണ്‍സണ്‍ കാലം പെട്ടെന്നോര്‍ത്തുപോയി ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയുടെ ടീസര്‍ കണ്ടപ്പോള്‍.

നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

Read more

സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് നായികമാര്‍. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആന്റോ ജോസഫാണ് നിര്‍മാണം. ഏപ്രില്‍ 25ന് തീയേറ്ററുകളിലെത്തും.