എന്തിനാണ് സിബി മലയിൽ എന്ന സുഹൃത്തിന് എതിരേ ലോഹിതദാസ് എന്ന പാവത്തിനെ കൊണ്ടു നിർത്തിയത്?

ലോഹിതദാസിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ശാന്തിവിള ദിനേശ്. മാക്ടയുടെ ചെയർമാൻ സ്ഥാനത്തേക്ക് സിബി മലയിൽ മത്സരിച്ചപ്പോള്‍ എതിർസ്ഥാനാർത്ഥിയായി ലോഹിതദാസിനെ നിര്‍ത്തിയ സംഭവം പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്.

കൊല്ലം ശാസ്താംകോട്ടയിൽ ഒരു വിചിത്രമായ കാഴ്ചയുണ്ട്…….. അവിടെ രണ്ടു തരം കുരങ്ങന്മാരുണ്ട്…….. അമ്പലക്കുരങ്ങന്മാരും, ചന്തക്കുരങ്ങന്മാരും …….!
പരസ്പരം കണ്ടാൽ കടിച്ചു കീറും ……!
RSS ഉം SDPI യും പോലെ ……
മോരും മുതിരയും പോലെ …..!
ഒരിക്കലും ഇവർ യോജിക്കാറില്ല……!
ഈ സ്ഥിതിയായിരുന്നു മലയാള സിനിമാ സാങ്കേതിക വിഭാഗക്കാരുടെ സംഘടനയായ മാക്ടയിൽ ……..!
കാശിറക്കുന്ന നിർമ്മാതാക്കൾക്കൊപ്പം ടെക്നീഷ്യന്മാർ നിൽക്കണം എന്ന ഒരു പക്ഷവും, അഭിനേതാക്കളുടെ പക്ഷത്ത് നമ്മൾ കൂടി നിന്ന് നിർമ്മാതാക്കളെ വരച്ച വരയിൽ നിർത്തണം എന്ന എതിർ ഗ്രൂപ്പ് …….! ഇവരാണ് ശക്തർ…….! പ്രബലരായ 99% സംവിധായകരും തിരക്കഥാകാരന്മാരും ഈ ഗ്രൂപ്പിലാണ്……..! അതിനാൽത്തന്നെ ഇവർക്ക് ആൾബലവും, കാശും എല്ലാം യഥേഷ്ഠം ……..!
ഈ അന്തരീക്ഷത്തിലാണ് 2004 ൽ മാക്ടയുടെ തിരഞ്ഞെടുപ്പ് വരുന്നത്………!ചെയർമാൻ സ്ഥാനത്തേക്ക് സിബി മലയിൽ ആദ്യമായി മത്സരിക്കണം എന്ന് താരങ്ങളുടെ അഹങ്കാരം കുറപ്പിക്കാൻ മാക്ടയുടെ ജന്മത്തിന് കാരണഭൂതനായ കലൂർ ഡെന്നീസും , സംവിധായകൻ ഹരികുമാറും സിബി മലയിലിനോട് പറയുന്നു……… ഏറെ ചർച്ചകൾക്കൊടുവിൽ സിബി മലയിൽ സമ്മതിക്കുന്നു…….. കമൽ ജനറൽ സെക്രട്ടറി …….!
ജോസ് തോമസ് ആന്റോ ജോസഫ് സുന്ദർദാസ് തുടങ്ങി ഞാൻ വരെയുള്ള ഒരു ന്യൂനപക്ഷമാണ് കൂടെ …….!

മറുവശത്ത് തകൃതിയായ ചർച്ചകൾ നടന്നു…… എങ്ങിനേം സിബി മലയിലിനെ തോൽപ്പിക്കണം ……… ആ ആലോചന പോയി നിന്നത് എതിർ സ്ഥാനാർത്ഥിയായി ലോഹിതദാസിനെ നിർത്തുന്നിടത്താണ്……!
കേട്ടവരെല്ലാം ഞെട്ടി…….!
സിബി മലയിലിന്റെ തനിയാവർത്തനത്തിലൂടെ തിരക്കഥാകാരനായ ……. സിബിക്കായി കിരീടവും ഭരതവും ഹിസ് ഹൈനസ് അബ്ദുള്ളയും കമലദളവും ദശരഥവും ചെങ്കോലും സാഗരം സാക്ഷിയും ഒക്കെ എഴുതി ഒരു ഹിറ്റ് മേക്കിംഗ് ടീമായി വളർന്ന ഇരുവരും പരസ്പരം മത്സരിക്കുകയോ?
സിനിമാക്കാരല്ലേ….. വാശി പിടിപ്പിക്കാൻ വിരുതന്മാരല്ലേ……!
സംഗതി ഏറ്റു …….!
പൊരിഞ്ഞ മത്സരം……..!
തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടു നിന്നും ചെന്നൈയിൽ നിന്നും ഒക്കെ ഏ സി ബസുകളിൽ വോട്ടുചെയ്യാനായി മാക്ട മെമ്പർമാർ കൊച്ചിയിലെ BTH ലേക്ക് കുതിച്ചു ……!
ആളും അർത്ഥവുമായി പ്രിയദർശനൊക്കെയാണ് ലോഹിക്കായി മുന്നിൽ ……..!
ശ്രീനിവാസനും, സത്യൻ അന്തിക്കാടും, ജി എസ് വിജയനും , വേണു നാഗവള്ളിയും ഒക്കെയാണ് ലോഹി ക്കായി പ്രവർത്തനം …….!
നിർമ്മാതാക്കളുടെ പക്ഷത്തു നിൽക്കണമെന്നു പറഞ്ഞ സിബിയുടെ ടീമിനെ തോൽപ്പിക്കാൻ നിർമ്മാതാവായ സുരേഷ് കുമാർ അടക്കം BTHൽ തമ്പടിച്ചിരുന്നു………!
താരങ്ങൾ അത്രയും അവരോടൊപ്പമുണ്ട് പിന്തുണയുമായി …….!

ഇവിടെ രസകരമായ ഒരു കാര്യം കൂടി ഓർക്കണം…. പിന്നീട് പരസ്പരം പോരടിച്ച ബി ഉണ്ണികൃഷ്ണനും, വിനയനും അന്ന് സംഘടനയിൽ ആരുമല്ല…… ഗ്യാലറിയിൽ ഏറ്റവും മുകളിൽ ഇരുന്ന് കളി കാണുന്നവർ മാത്രം……..!

തിരഞ്ഞെടുപ്പിൽ ലോഹിതദാസും പാനലും ദയനീയമായി തോറ്റു ……..!
വിജയിച്ച സിബി മലയിലിനെ അനുമോദിച്ച യോഗത്തിൽ ലോഹി അതിവികാരഭരിത നായി പ്രസംഗിച്ചു …….. ലോഹിക്കെന്നും തോൽവികൾ ഏറ്റുവാങ്ങാനാണ് നിയോഗം……..!
എന്റെ പ്രിയ സുഹൃത്ത് സിബിക്ക് ആശംസകൾ……….!

മലയാളിക്ക് എന്നും ഓർക്കാൻ ഒരു പിടി ജീവനുള്ള മനുഷ്യരെ എഴുതിത്തന്ന ലോഹിതദാസ് എന്ന കഥാകാരൻ യാത്രയായിട്ട് ഇന്ന് പതിനൊന്നു വർഷമായി…….!
ലോഹിയേട്ടനെ ആലോചിച്ചപ്പോഴാണ് സംഘർഷഭരിതമായ ആ തിരഞ്ഞെടുപ്പ് കാലം അറിയാതെ ഓർത്തു പോയത്………!

എന്തിന് സിബി മലയിൽ എന്ന സുഹൃത്തിനെതിരേ ലോഹിതദാസ് എന്ന തോൽക്കാൻ വിധിക്കപ്പെട്ട പാവത്തിനെ കൊണ്ടു നിർത്തിയത് ?

ലോഹിക്കെതിരേ വിജയിച്ച് സിബി മലയിൽ നേതാവായി…….. മാക്ടയുടെ തുടർച്ചയായി ഫെഫ്കയുടേം എതിരാളിയില്ലാത്ത നേതാവാണ് അദ്ദേഹം……..!
പക്ഷേ, കൂട്ടുകാരനെ നാണം കെടുത്തി തോൽപ്പിച്ച് ജയിച്ചിട്ട് എന്തു നേടി സിബി മലയിൽ ?
നിർമ്മാതാക്കൾക്കൊപ്പം എന്ന നയത്തിൽ തുടങ്ങിയിട്ട് ഇന്ന് എവിടെ നിൽക്കുന്നു ?
താരങ്ങൾക്കൊപ്പം എന്നല്ലാന്ന് തറപ്പിച്ച് പറയുമോ?
എനിക്കിത് കുറിക്കുമ്പോൾ വല്ലാത്ത മനോവേദന തോന്നുന്നു ……. ലോഹിതദാസ് തോൽക്കരുതായിരുന്നു……
അത്രക്ക് ഹൃദയശുദ്ധിയുള്ളവനായിരുന്നു അമ്പഴത്തിൽ കരുണാകരൻ മകൻ ലോഹിതാക്ഷൻ ……..!

തൃശൂർ ജില്ലാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായിരുന്നു ലോഹിതാക്ഷൻ …….. വായനയുടേയും എഴുത്തിന്റേയും ചെറിയ അസുഖം ഉണ്ടായിരുന്നതു് ആശുപത്രിയിലെ ഡോക്ടർമാർക്കൊക്കെ ലഘുനാടകങ്ങൾ എഴുതിക്കൊടുത്ത് കൺട്രോൾ ചെയ്തിരുന്നു…….!
അതിനിടയിലാണ് തന്റെ ആത്മാർത്ഥ സുഹൃത്ത് സുബാഷ് ചന്ദ്രദാസിന്റെ അളിയൻ രാധാകൃഷ്ണനുമായി സൗഹൃദത്തിലാകുന്നത്………
സുബാഷ് ചന്ദ്രദാസിന്റെ അനുജനാണ് പിന്നീട് ലോഹിതദാസിന്റെ തിരക്കഥയിൽ “സല്ലാപം “ചെയ്ത സുന്ദർദാസ് ……! ലോഹിതാക്ഷൻ പറയുന്ന കഥകളിൽ ഒന്ന് സിനിമയാക്കിയാലോ എന്നായി രാധാകൃഷ്ണന്റെ ചിന്ത……..!
ആ ചിന്ത “കാണാൻ കൊതിച്ച് ” എന്ന സിനിമയിലെത്തി………!
സംവിധാനം ഉദ്യോഗസ്ഥ വേണുവിന്റെ അനുജൻ സുകുവിലെത്തി……..!
പി.ഭാസ്കരൻ മാഷ് പാട്ടെഴുതി…….. വിദ്യാധരൻ മാഷ് സംഗീതമിട്ടു………!
സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം……..
ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം …….. എന്ന സൂപ്പർ ഹിറ്റായി പിന്നീടു മാറിയ പാട്ട് പിറന്നു…. തരംഗിണിയിൽ ……..!
നടീ നടന്മാർക്ക് അഡ്വാൻസ് കൊടുക്കാനുള്ള തുകയും വാങ്ങി സംവിധായകൻ പോയി …….. പിന്നെ കണ്ടിട്ടില്ല പരസ്പരം ………!
തോൽക്കാൻ പിറന്ന ജന്മമായ ലോഹിതാക്ഷൻ ലാബ് പണിയും, നാടകമെഴുത്തും, സലിം ചേർത്തലയെപ്പോലെ ചില തിരക്കഥാകാരന്മാരെ അസിസ്റ്റ് ചെയ്യലും ഒക്കെയായി പോയി കുറേ നാൾ ……..!
എത്രപേർക്കറിയാം എന്നറിയില്ല, ലോഹി ആദ്യമായെഴുതിയ ചേർത്തല തപസ്യയുടെ പ്രൊഫഷണൽ നാടകം “സിന്ധു ശാന്തമായ് ഒഴുകുന്നു “വും, ആദ്യസിനിമയായി പുറത്തുവന്ന സിനിമ ” തനിയാവർത്തനവും ” സംസ്ഥാന അവാർഡുകൾ നേടിയവയാണ് …..!
ജോസ് പല്ലിശ്ശേരിയും, സബാസ്റ്റ്യനും, ലോഹിതദാസും കൂടി മുതലാളിമാരായ ചാലക്കുടി സാരഥിയുടെ നാടകം ചെയ്യാൻ വന്ന തിലകൻ കേരളപുരം കലാമിന്റെ നാടകം വായിക്കുന്നതിനിടയിൽ ലോഹിതാക്ഷൻ പറഞ്ഞ കഥകൾ കേട്ടിടത്താണ് അടുത്ത വഴിത്തിരിവ്……..!
പുതിയ തിരക്കഥാകൃത്തുക്കളെ തേടുന്ന സിബി മലയിലിന്റെ മുന്നിലെത്തിക്കുന്നു തിലകൻ ലോഹിതാക്ഷനെ ……! ലോഹിതാക്ഷൻ ലോഹിതദാസായി മാറി……..!
പിന്നുള്ളത് ചരിത്രം …..!
ഇന്നലെ ഞാൻ കുറിച്ച പി പത്മരാജനെപ്പോലെ തന്നെ ലോഹിതദാസും ഇത്രവേഗം ഈ ലോകം വിട്ടു പോകേണ്ടവനായിരുന്നില്ല ……. 54ാം വയസ്സിൽ നിനച്ചിരിക്കാതെ ഒരു പോക്ക് …….!
ഈ കുറിപ്പ് എഴുതുമ്പോൾ എന്റെ മനസിൽ ലോഹി ച്ചേട്ടന്റെ ഒരു വിഷ്വൽ മായാതെ നിറയുന്നു…….!
BTHലെ ഏറ്റവും മുകളിലെ ഹാളിൽ തിങ്ങി നിറഞ്ഞ മാക്ട അംഗങ്ങളുടെ മുന്നിൽ പലരും പ്രസംഗിച്ച കൂട്ടത്തിൽ ഞാനും സംസാരിച്ചു……! താരങ്ങളുടെ ചിലവിൽ മാക്ടയിൽ മത്സരം കൊണ്ടുവന്നവരേയും, അവരുടെ താളത്തിന് തുള്ളാൻ ലോഹിച്ചേട്ടൻ നിന്നു കൊടുക്കാൻ പാടില്ലായിരുന്നെന്നും ഒക്കെ വച്ചു കാച്ചി ഞാൻ ……!
ഉച്ചയൂണിന് പിരിഞ്ഞപ്പോൾ വല്ലാത്ത സംഘർഷവേദിയായി ഊണു കഴിക്കുന്നിടം …….!
ഞാൻ ചേട്ടനു തുല്യം കാണുന്ന സംവിധായകൻ ജി എസ്സ് വിജയൻ ഊണു കഴിക്കുന്ന എന്റെ മുന്നിൽ വന്നു് വഴക്കിട്ടു പിണങ്ങി …….!
ഊണു കഴിച്ചെന്നു വരുത്തി തിരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ വരാം എന്ന ചിന്തയിൽ ലിഫ്റ്റിൽ കയറാതെ പടിക്കെട്ടിറങ്ങി താഴേക്ക് പോകുമോൾ താഴെ നിന്ന് മേളിലേക്ക് ലോഹി ച്ചേട്ടനും, സത്യേട്ടനും കയറി വരുകയാണ്…….!
സത്യേട്ടൻ ഒന്നുമറിയാത്ത ഒരു ചിരി ചിരിച്ച് മുന്നോട്ട് പോയപ്പോൾ …….. എന്റെ വഴി തടഞ്ഞ് ലോഹിയേട്ടൻ നിന്നു……!
അർത്ഥഗർഭമായ ഒരു ചിരിയോടെ എന്റെ ഇടത്തേ തോളിൽ വലത്തേ കൈകൊണ്ട് പിടിച്ചു…….!
എനിക്ക് തോന്നിയതാകുമോ?
ആ കൈക്ക് O ഡിഗ്രി ക്കും താഴെ തണുപ്പായിരുന്നു …..!
തോൽക്കില്ലായെന്ന ആത്മവിശ്വാസമോ?
തോറ്റാൽ നീയടക്കമാണ് പ്രതികൾ എന്നതാകുമോ ആ തണുപ്പും അർദ്ധ ഗർഭമായ ആ ചിരിയും……..!
അറിയില്ല ഇന്നും………!

ലോഹിയേട്ടാ…… നിങ്ങൾ ജയിക്കണമായിരുന്നു എന്ന് ഈ വരികൾ കുറിക്കുമ്പോൾ തോന്നുന്നു……!
സ്വന്തം പോക്കറ്റിലെ ആയിരങ്ങൾ ചിലവിട്ട് നിങ്ങളെ തോൽപ്പിക്കാനുള്ള കഠിന ശ്രമങ്ങൾ തലസ്ഥാനത്തു ഞാൻ നടത്തി വരുമ്പോൾ വോട്ടർമാരെ നേരിൽ കാണാൻ വന്ന സിബി സർ മടങ്ങും മുൻപ് ഒരുപാട് കാശ് ദിനേശ് ചിലവിട്ടിരിക്കാം ……. ഇതിരിക്കട്ടെ എന്നു പറഞ്ഞ് 50 രൂപയുടെ പുത്തൻ ഒരു കെട്ട് നോട്ട് ഗീത് ഹോട്ടലിൽ വച്ച് എനിക്ക് നീട്ടുമ്പോൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എൻ. ജീവൻ സാക്ഷിയായിരുന്നു……! മാക്ടക്കു വേണ്ടി എന്റെ കണക്കാണു സർ അത്…… ഈ തുക വേണ്ട എന്നു പറഞ്ഞ് മടക്കിയതും ഈ സന്ധ്യക്ക് ഞാൻ ഓർക്കുന്നു……..!
ഞാനും തോറ്റുപോയി ലോഹിച്ചേട്ടാ……!
അഭിനയ മറിയാവുന്നവർക്കുള്ളതാണ് സിനിമ എന്ന സത്യം ഈ വരികൾ കുറിക്കുമ്പോൾ ഞാൻ അറിയുന്നു ലോഹി ച്ചേട്ടാ……!
അതുകൊണ്ടു തന്നെ ഈ സന്ധ്യക്ക് അങ്ങയെപ്പോലൊരു ഹൃദയശുദ്ധിയുള്ളവനെ തോൽപ്പിക്കാൻ കൂട്ടുനിന്നതിന് ക്ഷമ ചോദിക്കുന്നു …….

നല്ല വെള്ളിവെളിച്ചത്തിൽ എടുത്ത് നല്ല ഇരുട്ടത്ത് കാണിക്കുന്ന സിനിമക്ക് പറ്റിയവരല്ല താങ്കളും ഞാനും എന്ന് വൈകി ഞാനറിയുന്നു ……….!
അങ്ങേക്ക് അവിടെ സുഖമാണല്ലോ ?
സുഖമായിരിക്കും ……. ഉറപ്പ് …….
കാരണം കലർപ്പില്ലാത്ത …… കള്ളമറിയാത്ത ….. കലാകാരനായിരുന്നു താങ്കൾ …….!

Read more

ശാന്തിവിള ദിനേശ്