‘ചോലയില്‍ ജോജുവിന് പകരം ആദ്യം സമീപിച്ചത് ലാലിനെ, ഇത്തരം മ്ലേച്ഛമായ കഥാപാത്രം ചെയ്യാനാണോ വിളിച്ചതെന്ന് ലാല്‍’-സനല്‍കുമാര്‍ ശശിധരന്‍

 

പോയ വര്‍ഷത്തെ മലയാള സിനിമകള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ‘ചോല’യിലെ ജോജു ജോര്‍ജിന്റെ കഥാപാത്രം ചെയ്യാനായി ആദ്യമായി സമീപിച്ചത് നടന്‍ ലാലിനെയായിരുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു. കഥ കേട്ടപ്പോള്‍ തന്നെ ഇത്തരമൊരു മ്ലേച്ഛമായ കഥാപാത്രം ചെയ്യാനാണോ തന്നെ വിളിച്ചതെന്ന് ലാല്‍ ചോദിച്ചു. അതൊരു കഥാപാത്രം മാത്രമാണെന്ന് വിശദീകരിച്ചിട്ടും അത് ചെയ്യാന്‍ പറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ലാല്‍. എന്നാല്‍ അതുപോലൊരു കഥാപാത്രത്തെപ്പറ്റി തനിക്ക് ആലോചിക്കാനേ പറ്റില്ലെന്നാണ് ലാല്‍ പറഞ്ഞതത്രെ.
‘അപ്പോള്‍ ഞാന്‍ സ്‌ക്രിപ്റ്റിനെ പറ്റി അഭിപ്രായം ചോദിച്ചു. നിങ്ങള്‍ എന്നെ ഇങ്ങനെ ആലോചിച്ച സ്ഥിതിക്ക് എനിക്ക് അതിനെ കുറിച്ചും അഭിപ്രായമൊന്നുമില്ലാ എന്നായിരുന്നു മറുപടി. അങ്ങനെയാണ് ജോജുവുമായി ഈ വിഷയം സംസാരിക്കുന്നത്. കഥ കേട്ടപാടെ വേഷം ചെയ്യാമെന്ന് ജോജു ഏല്‍ക്കുകയും ചെയ്തു. നിമിഷാ സജയനും സഹകരിക്കാമെന്നേറ്റു. ഇവരുടെയൊക്കെ സൗന്ദര്യം എന്നു പറയുന്നത് ചെയ്യുന്ന ജോലിയോടുള്ളആത്മ സമര്‍പ്പണമാണ്.’- സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.

ചോലയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ലാല്‍ ഒഴിവാക്കിയ വേഷം ചെയ്ത ജോജു ജോര്‍ജിന് മികച്ച സ്വഭാവ നടനുള്ള അവാര്‍ഡു ലഭിച്ചു. ചോലയിലെ അഭിനയം കൂടി പരിഗണിച്ചാണ് നിമിഷ സജയനെ മികച്ച നടിയായി ജൂറി തെരഞ്ഞെടുത്തതും. ഒഴിവു ദിവസത്തെ കളി, എസ് ദുര്‍ഗ എന്നീ സിനിമകള്‍ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചോല.