'പിണറായി സി.പി.എം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു'; വിമര്‍ശനവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നിയമ ഭേദഗതി നടപ്പാക്കാന്‍ ശ്രമിക്കുകയും വിവാദമായതോടെ പുനഃപരിശോധിക്കും എന്ന് തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംവിധായകന്റെ വിമര്‍ശനം. സിപിഎം കേന്ദ്ര നേതൃത്വം ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി എന്ന പ്രസ്താവന ഇറക്കിയത്

“”പിണറായി സിപിഎം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു ഓര്‍ഡിനന്‍സ് പാര്‍ട്ടിക്ക് അഹിതമായി മാറി?”” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്. ഭേദഗതിക്കെതിരെ ഇന്നലെയും സംവിധായകന്‍ രംഗത്തെത്തിയിരുന്നു.

“”രാജാവ് നഗ്നനാണ്. പരിവാരങ്ങളും ജനതയും പണ്ടേ നഗ്നരാണ്. പക്ഷെ രാജാവ് എഴുന്നള്ളുമ്പോള്‍ സത്യം വിളിച്ചുപറഞ്ഞാല്‍ അത് അപകീര്‍ത്തികരമാകുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്! #118 കരി നിയമമൊന്നുമല്ല. നഗ്നനായ രാജാവിന് ശിഷ്ടകാലം കഞ്ഞി കുടിച്ചു പോകാനുള്ള അരി നിയമമാണ്. #% സിന്ദാബാദ്!”” എന്നും സംവിധായകന്‍ കുറിച്ചു.

സൈബര്‍ ആക്രമണങ്ങളും സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പൊലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്. പൊലീസ് ആക്ട് 118 എ അനുസരിച്ച് പരാതിക്കാരനില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്‌ട്രേറ്റിന്റെ അനുമതിയോ ആവശ്യമില്ല. ശിക്ഷയായി മൂന്നു വര്‍ഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.