‘ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കുക: സലീം കുമാർ

ലക്ഷദ്വീപിനായി എല്ലാവരും സ്വരം ഉയർത്തണമെന്ന് സലിം കുമാർ. എല്ലാ ആവശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട് എന്ന് സലീം കുമാർ പറഞ്ഞു.

”അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു, ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല. പിന്നീടവർ തൊഴിലാളികളെ തേടി വന്നു, അപ്പോഴും ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു തൊഴിലാളി അല്ല. പിന്നീടവർ ജൂതൻമാരെ തേടി വന്നു. അപ്പോഴും ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു ജൂതനായിരുന്നില്ല. ഒടുവിൽ അവർ എന്നെ തേടി വന്നു. അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല”- ഇത് പാസ്റ്റർ മാർട്ടിൻ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങൾ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്. ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാൽ ആവശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ചേർത്ത് നിർത്താം, അവർക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കുക.