കിന്നാരത്തുമ്പികളിലേയ്ക്ക് ഒരു അവാര്‍ഡ് പടമുണ്ട് എന്ന് പറഞ്ഞാണ് വിളിച്ചത് തുറന്നുപറഞ്ഞ് സലിംകുമാര്‍

ഷക്കീല പ്രധാന കഥാപാത്രമായ കിന്നാരത്തുമ്പികളില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ സലിംകുമാര്‍. ഒരു പരിപാടിക്കിടെ സലിംകുമാര്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. “കിന്നാരത്തുമ്പികള്‍ ആ രീതിയില്‍ എടുക്കണമെന്ന് വിചാരിച്ച സിനിമയല്ല. ഷക്കീല ആദ്യമായി മലയാളത്തില്‍ അഭിനയിച്ച പടമായിരുന്നു. എന്റെ ഒരു സുഹൃത്താണ് ഈ പടത്തിലേക്ക് വിളിക്കുന്നത്. എടാ ഒരു അവാര്‍ഡ് പടമുണ്ട്. നീ വന്ന് അഭിനയിക്കണം എന്ന് പറഞ്ഞു. മൂന്നാര്‍ ഭാഗത്തായിരുന്നു ഷൂട്ട്.

ഞാന്‍ ഒക്കെ പറഞ്ഞു. ഷൂട്ട് ചെയ്യുമ്പോഴും എന്റെ ഭാഗത്ത് ഒന്നും അങ്ങനെയൊന്നുമില്ല. പടത്തില്‍ യാതൊരുവിധ സെക്‌സോ ഒന്നുമില്ലായിരുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് ആ പടത്തിലും അങ്ങനെയൊന്നുമില്ലായിരുന്നു. ഷൂട്ട് ഒക്കെ കഴിഞ്ഞ്, ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആയി അവര്‍ ഒരുപാട് നടന്നു. സിനിമയുടെ സംവിധായകനും നിര്‍മാതാവും ഒരു നല്ല സിനിമയാണ് പ്രതീക്ഷിച്ചത്,” എന്നും സലീം പറഞ്ഞു.

ഡബ്ബിംഗിന് ഞാന്‍ ചെല്ലുമ്പോഴാണ് എല്ലാവരും വല്ലാത്ത അവസ്ഥയില്‍ നില്‍ക്കുകയാണ്. അപ്പോള്‍ പടത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നോട് പറഞ്ഞു സലീമേ… ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു. ഒരാള്‍ക്കും പടം വേണ്ട. എന്തെങ്കിലും ഇതിനകത്ത് ചേര്‍ക്കണം എന്ന്. ഞാന്‍ പറഞ്ഞു, അങ്ങനെയാണെങ്കില്‍ ചേര്‍ത്തോളൂ.

പക്ഷെ എന്ത് ചെയ്താലും നിങ്ങളെനിക്ക് ഒരു വാക്ക് തരണം, സിനിമയുടെ പോസ്റ്ററില്‍ എന്റെ ഫോട്ടോ വെയ്ക്കരുത്. അവര്‍ വാക്കുപാലിച്ചു. പോസ്റ്ററില്‍ എന്റെ ഫോട്ടോ വെച്ചില്ല. ഷക്കീലയുമായി ഒരുമിച്ച് അഭിനയിക്കുന്ന സീനുകളൊന്നുമില്ലായിരുന്നുവെന്നും സലീം പറഞ്ഞു. സംവിധായകന്‍ പോലും അറിയാതെയാണ് ചിത്രത്തില്‍ അത്തരം രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതെന്നും സലീം കുമാര്‍ പറഞ്ഞു.