ലൂസിഫറില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ആദ്യം പറഞ്ഞത്: സായികുമാര്‍

മലയാളത്തിലെ തലയെടുപ്പുള്ള വില്ലനായിരുന്നു സായികുമാര്‍. എന്നാല്‍ കുറച്ചു നാളായി വേണ്ടത്ര ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ സായിയില്‍ നിന്ന് ഉണ്ടായില്ല. ചില ഗോസിപ്പുകളും മറുഭാഷാ വില്ലന്‍മാര്‍ മലയാള സിനിമ കയ്യടക്കിയതും സായികുമാറിനെ പ്രതികൂലമായി ബാധിച്ചു എന്നു വേണം കരുതാന്‍. ഇതില്‍ നിന്നുള്ള സായികുമാറിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു ലൂസിഫറിലെ മഹേഷ് വര്‍മ്മ. എന്നാല്‍ ലൂസിഫറിലേക്ക് ക്ഷണം വന്നപ്പോള്‍ താനത് വേണ്ടെന്ന് വെയ്ക്കാന്‍ ഒരുങ്ങിയതാണെന്നാണ് സായികുമാര്‍ പറഞ്ഞത്.

“ലൂസിഫര്‍ സിനിമയിലേയ്ക്ക് വിളിക്കുമ്പോള്‍ എന്റെ കാലിന് കുറച്ച് പ്രശ്‌നമുണ്ടായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനക്കനിലെ വിളിച്ച് ഇക്കാര്യം പറഞ്ഞു. ഈ കാല് വെച്ച് അഭിനയിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ പൃഥ്വി എന്നെ വിളിച്ചു. എന്താ ചേട്ടാ പ്രശ്‌നം എന്നു ചോദിച്ചു. കാലിന് ഇങ്ങനെയൊരു വേദനയുണ്ട് മോനേ, നടക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. “അതാണ് എന്റെ സിനിമയിലെ കാരക്ടര്‍ എന്ന് പൃഥ്വി മറുപടിയായി പറഞ്ഞു. ഇനി ചേട്ടന് നടക്കാന്‍ തീരെ ബുദ്ധിമുട്ട് ആണെങ്കില്‍ എന്റെ കാരക്ടറും അങ്ങനെയുള്ള ഒരാളായിരിക്കുമെന്ന് പൃഥ്വി എന്നോട് പറഞ്ഞു. അങ്ങനെയാണ് ലൂസിഫര്‍ ചെയ്തത്.”

“സുകുവേട്ടനും ഞാനും അടുത്ത ബന്ധമുള്ള ആളുകളാണ്. അത് സിനിമയിലെ ബന്ധമല്ല. ജീവിതത്തിലെ രണ്ട് ജ്യേഷ്ഠന്മാരാണ് സുകുവേട്ടനും സോമേട്ടനും. സോമേട്ടന്റെ അടുത്ത് മൂത്ത ചേട്ടന്റെ ബന്ധം. എന്നാല്‍ സുകുവേട്ടനും ഞാനും ഒരു വയസ്സിനു വ്യത്യാസമുള്ള സഹോദരങ്ങളെ പോലെയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ നടനാകുക. വലിയ സംവിധായകനാകുക. അവനൊപ്പം സിനിമയില്‍ പ്രവര്‍ത്തിക്കാനാകുന്നത് തന്നെ വലിയ കാര്യം.” വനിതയുമായുള്ള അഭിമുഖത്തില്‍ സായികുമാര്‍ പറഞ്ഞു.