അഭിനയമോഹം കൊണ്ടല്ല, സിനിമയില്‍ എത്താനുള്ള വിചിത്ര കാരണം പങ്കുവെച്ച് സൈജു കുറുപ്പ്

വേറിട്ട വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് സൈജു കുറുപ്പ് മയൂഖത്തിലെ ഉണ്ണി കേശവന്‍, ട്രിവാന്‍ഡ്രം ലോഡ്ജിലെ ഷിബു വെള്ളായണി, ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ അറയ്ക്കല്‍ അബു എന്നിങ്ങനെ സിനിമാ പ്രേമികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നിട്ടുണ്ട്. എന്നാല്‍ താന്‍ സിനിമയിലെത്തിയത് അഭിനയ മോഹം കൊണ്ടൊന്നുമല്ലെന്നാണ് സൈജു പറയുന്നത്.

ഞാന്‍ സെയില്‍സ് മാനേജരായി ഒരു കോര്‍പ്പറേറ്റ് കമ്പനിയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന സമയം. സിനിമയില്‍ വന്നാല്‍ എന്നെ കൂടുതല്‍ ആളുകള്‍ തിരിച്ചറിയുകയും സെയില്‍സില്‍ അതെനിക്ക് ഗുണം ചെയ്യുകയും ചെയ്യും എന്നു തോന്നി. അതുകൊണ്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ ശ്രമിച്ചത്. ഗായകന്‍ എം.ജി.ശ്രീകുമാര്‍ സര്‍ വഴിയുള്ള പരിചയത്തിലൂടെയാണ് ആദ്യ അവസരം ലഭിക്കുന്നത്. അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാന്‍ സംവിധായകന്‍ ഹരിഹരന്റെ വീട്ടിലേക്കു പോയി. അദ്ദേഹം എന്നോട് അഭിനയി ച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, എനിക്ക് അഭിനയിക്കാന്‍ അറിയില്ല. ഒരു സ്റ്റേജില്‍ കയറാന്‍ പോലും പേടിയാണ് എന്ന്. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പിന്നീട് അദ്ദേഹം എന്റെ അച്ഛന്റെ അടുത്ത് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഞാന്‍ എല്ലാം തുറന്നു പറഞ്ഞത് ഇഷ്ടപ്പെട്ടു എന്ന്. മനോരമയുമായുള്ള അഭിമുഖത്തില്‍ സൈജു പറഞ്ഞു.