'മതത്തിന് അപ്പുറം മനുഷ്യന് വിലകല്‍പ്പിക്കുന്നവനാണ് ഞാന്‍, മകന് ഇട്ടിരിക്കുന്നത് മുസ്ലീം പേര്' - സൈജു കുറുപ്പ്

മതത്തിന് അപ്പുറം മനുഷ്യന് വില കല്‍പ്പിക്കുന്ന വ്യക്തിയാണ് താനെന്നും തന്റെ മകന് പോലും മുസ്ലീം പേരാണ് ഇട്ടിരിക്കുന്നതെന്നും നടന്‍ സൈജു കുറുപ്പ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സൈജു കുറുപ്പ് ഇക്കാര്യം പറയുന്നത്. അറയ്ക്കല്‍ അബു എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് സൈജുവിന്റെ മറുപടി. പക്ഷെ, മകന്റെ പേര് എന്താണെന്ന് അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല.

ആട് 2 വിലെ കഥാപാത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ഇങ്ങനെ വൈറല്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ കഥാപാത്രം ഹിറ്റായിരുന്നത് കൊണ്ട് തന്നെ അറയ്ക്കല്‍ അബുവായി വീണ്ടും എത്തുമ്പോള്‍ മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷയായിരുന്നു ഭയപ്പെടുത്തിയത്. പാളിപ്പോകാനുള്ള സാധ്യത ഉണ്ടായിരുന്നതിനാല്‍ വളരെ സൂക്ഷിച്ചാണ് കഥാപാത്രം കൈകാര്യം ചെയ്തതെന്നും സൈജു കുറുപ്പ് പറഞ്ഞു.

ആട് 2വിലെ അറയ്ക്കല്‍ അബു എന്ന കഥാപാത്രത്തെ തട്ടുപൊളിപ്പന്‍ ബിജിഎമ്മോട് കൂടി ഒരു ഭീകരനായിട്ടാണ് അവതരിപ്പിക്കുന്നത്. എന്നാല്‍, സിനിമ പകുതിയോട് അടുക്കുമ്പോള്‍ മാത്രമാണ് അബുവിന്റെ നിഷ്‌കളങ്കത വെളിവാകുന്നത്.

മുസ്ലീംങ്ങളെ ഭീകരരും ബോംബും കത്തിയുമായി നടക്കുന്നവരാണെന്ന തെറ്റായ ധാരണയെ അറയ്ക്കല്‍ അബു എന്ന കഥാപാത്രം ഹാസ്യാത്മകമായി വിമര്‍ശിക്കുന്നില്ലേ എന്ന ചോദ്യത്തിന് അറയ്ക്കല്‍ അബു എന്ന കഥാപാത്രം ചെയ്യുമ്പോള്‍ മുസ്ലീമാണോ ഹിന്ദുവാണോ എന്നൊന്നും നോക്കിയിട്ടില്ല. പക്ഷെ അങ്ങനെ ഒരു അര്‍ത്ഥതലത്തില്‍ കൂടി ഈ കഥാപാത്രത്തെ വായിക്കപ്പെടുന്നുണ്ടെങ്കില്‍ അത് നല്ലതല്ലെ എന്നായിരുന്നു സൈജുവിന്റെ മറുപടി.