‘ജാതകം ശരിക്കും ചേരില്ലായിരുന്നു, ദേഷ്യപ്പെട്ടു സംസാരിക്കാന്‍ തുടങ്ങി’; വിവാഹമോചനത്തെ കുറിച്ച് സാധിക വേണുഗോപാല്‍

വിവാഹമോചനത്തെ കുറിച്ച് മനസ്സ് തുറന്ന് നടി സാധിക വേണുഗോപാല്‍. ഭര്‍ത്താവല്ല താനാണ് വിവാഹമോചനം ആവശ്യപ്പെട്ടത് എന്നാണ് സാധിക പറയുന്നത്. ഒത്തു പോകാന്‍ കഴിയാത്ത ബന്ധം വീണ്ടും വീണ്ടും വഷളാക്കി കൊണ്ടു പോയാല്‍ ശത്രുക്കളായി മാറും. അതിനോട് താത്പര്യമില്ലാത്തതിനാല്‍ വിവാഹമോചനം ആവശ്യപ്പെട്ടു എന്ന് താരം പറയുന്നു.

സില്ലിമോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സാധിക സംസാരിച്ചത്. തങ്ങളുടെ രണ്ടു പേരുടെയും ജാതകം ശരിയ്ക്കും ചേരില്ലായിരുന്നു. അതിനാല്‍ ജാതകം നോക്കാതെയാണ് കല്യാണം കഴിച്ചത്. ജാതകം നോക്കാത്തത് കൊണ്ട് നിശ്ചയം നടത്തിയിട്ടില്ല. താലി കെട്ടലും ചടങ്ങുകളും എല്ലാം ഉണ്ടായിരുന്നു.

വിവാഹ ശേഷം ഭര്‍ത്താവിനോട് എപ്പോഴും പറഞ്ഞിരുന്ന കാര്യം, താന്‍ വളരെ ഇന്റിപെന്റന്റ് ആയി നടന്നിട്ടുള്ള കുട്ടിയാണ്. എന്നിരുന്നാലും വിവാഹ ശേഷം ഒതുങ്ങി ജീവിയ്ക്കാന്‍ തയാറാണ്. എന്നാല്‍ ആളിന്റെ പൂര്‍ണ ശ്രദ്ധയും പരിഗണനയും ആവശ്യമാണ്. ഇമോഷണലി താന്‍ തളര്‍ന്ന് പോവുമ്പോഴെല്ലാം ആള് കൂടെ വേണം.

കരിയര്‍ ഉപേക്ഷിച്ച്, വീട്ടുകാരെയും വീടും ഉപേക്ഷിച്ച് ഒരാളുടെ അടുത്ത് വന്ന് നില്‍ക്കുമ്പോള്‍ അയാളുടെ അറ്റന്‍ഷന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. അത് കിട്ടാതെ വന്നപ്പോള്‍ പല തവണ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്, ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് തോന്നുന്നില്ല എന്ന്. മാനസികമായി അത് പിരിമുറുക്കമായപ്പോള്‍ ദേഷ്യപ്പെട്ടു സംസാരിക്കാന്‍ തുടങ്ങി.

തനിക്ക് സ്വയം നഷ്ടമാവുന്ന ഘട്ടം എത്തിയപ്പോഴാണ് വേര്‍പിരിഞ്ഞത്. അദ്ദേഹത്തിനൊപ്പം വിവാഹ ജീവിതത്തോട് താല്‍പര്യമില്ലെങ്കിലും, നല്ല സുഹൃത്തുക്കളായി തുടരാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളുമായൊക്കെ ഇപ്പോഴും നല്ല ബന്ധമാണ് സൂക്ഷിക്കുന്നതെന്നും സാധിക വ്യക്തമാക്കി.