ഞാന്‍ ഇംഗ്ലീഷ് സംസാരിച്ചതാണ് അയാളെ ചൊടിപ്പിച്ചത്, നിറ വ്യത്യാസം കാരണം ചിലര്‍ രൂക്ഷമായി നോക്കുന്നത് കാണാറുണ്ട്: റിമ കല്ലിങ്കല്‍

ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് റിമ കല്ലിങ്കല്‍. മോസ്‌കോയില്‍ വച്ചുണ്ടായ സംഭവത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. യൂറോപ്പിലെ പലയിടങ്ങളിലും നിറത്തിന്റെ പേരിലും പ്രസ്‌നമുണ്ടായതായും റിമ പറയുന്നു.

മോസ്‌കോയില്‍ ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ പയ്യന്‍ തന്നോട് കയര്‍ത്തു സംസാരിച്ചു. താന്‍ ഇംഗ്ലീഷ് സംസാരിച്ചതാണ് അയാളെ ചൊടിപ്പിച്ചത്. റഷ്യന്‍ ഭാഷ അറിയാത്തവരൊക്കെ മ്ലേച്ഛരാണെന്നുള്ള തെറ്റിദ്ധാരണ വച്ചു പുലര്‍ത്തുന്നയാളാണ് അയാള്‍. ചിലര്‍ രൂക്ഷമായി നോക്കുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ചര്‍മത്തിന്റെ നിറ വ്യത്യാസമാണ് അവര്‍ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വര്‍ണവെറി അഥവാ റേസിസം. ഇത്തരം മാനസികാവസ്ഥ വച്ചു പുലര്‍ത്തുന്ന ഒന്നോ രണ്ടോ പേരാണുണ്ടാവുക. അതിനാല്‍ തന്നെ ആ രാജ്യത്തുള്ളവരെല്ലാം അത്തരക്കാരാണെന്നു പറയുന്നതു ശരിയല്ല.

വിവേചനം കാണിക്കുന്നവര്‍ക്കു മനസിലാകും വിധം അവരെ മൈന്‍ഡ് ചെയ്യാതെ മുന്നോട്ടു പോകാനുള്ള ആര്‍ജവം നമ്മള്‍ പ്രകടിപ്പിക്കണം. ഏതു രാജ്യത്തു ചെന്നാലും അവിടെയുള്ള സ്ത്രീകളുടെ രീതികള്‍ താന്‍ ശ്രദ്ധിക്കാറുണ്ട്. റഷ്യയുടെ മുഖം അവിടുത്തെ സ്ത്രീകളാണ്.

റഷ്യന്‍ വനിതകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും മാതൃകാപരമാണ്. സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതില്‍ അവര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു. അതേസമയം, റഷ്യയിലെ സ്ത്രീകള്‍ ഫാഷന്‍ പ്രേമികളുമാണ്. അവര്‍ വ്യത്യസ്തമായ സ്‌റ്റൈലില്‍ മനോഹരമായി വസ്ത്രം ധരിക്കുന്നു.

Read more

ഫാഷനബിളായ വസ്ത്രങ്ങള്‍ ധരിച്ചാലും ഏച്ചുകെട്ടായി തോന്നില്ല. സൗന്ദര്യ ബോധമുള്ളവരാണ് റഷ്യയിലെ പെണ്ണുങ്ങള്‍. ഒരു സ്ത്രീ ഡ്രൈവറുടെ ടാക്‌സിയില്‍ കയറിയപ്പോള്‍ ഉണ്ടായ നല്ല അനുഭവത്തെ കുറിച്ചും റിമ കല്ലിങ്കല്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.