'എല്ലാവിധ അവകാശങ്ങളും പെണ്‍കുട്ടികള്‍ക്കുണ്ട്, നിങ്ങളുടെ തേപ്പ് കഥകളും അധികാരം സ്ഥാപിക്കലും എടുത്തു കൊണ്ട് പോകൂ'; നിതിന വധക്കേസില്‍ റിമാ കല്ലിങ്കല്‍

നിതിന കൊലപാതകത്തില്‍ പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. പെണ്‍കുട്ടികള്‍ക്ക് അവരുടേതായ മനസുണ്ടെന്നും അതനുസരിച്ച് അവര്‍ക്ക് തന്റേതായ തീരുമാനങ്ങളുണ്ടാകുമെന്നും നടി റിമാ കല്ലിങ്കല്‍ പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതികരണം. പെണ്‍കുട്ടികള്‍ തങ്ങളോട് യാതൊന്നും കടപ്പെട്ടിട്ടില്ലെന്ന് ആണ്‍കുട്ടികളെ പറഞ്ഞു മനസിലാക്കണമെന്നും റിമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘എല്ലാ മനുഷ്യരേയും പോലെ വ്യത്യാസപ്പെടാവുന്ന ഒരു മനസ് പെണ്‍കുട്ടികള്‍ക്കുമുണ്ട്. ശരിയാണ്, അവള്‍ മുന്‍പ് നിങ്ങളെ സ്‌നേഹിച്ചിരിക്കാം, ഇപ്പോള്‍ സ്‌നേഹിക്കുന്നില്ലായിരിക്കും. ആണ്‍കുട്ടികളെയും പുരുഷന്മാരെയുംപോലെ ഒരു വ്യക്തി എന്ന നിലയില്‍ സ്വന്തം തീരുമാനങ്ങള്‍ക്കും തോന്നലുകള്‍ക്കും ഭാവനയ്ക്കും അനുസരിച്ച് ജീവിക്കുവാനുള്ള എല്ലാവിധ അവകാശങ്ങളും അവള്‍ക്കുണ്ട്. നിങ്ങളുടെ തേപ്പ് കഥകളും അധികാരം സ്ഥാപിക്കലും കൊണ്ട് പോകൂ.’ – റിമാ കല്ലിങ്കല്‍ കുറിച്ചു.

ഒക്ടോബര്‍ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിനി നിധിനയെ സഹപാഠി കൊലപ്പെടുത്തിയത്. കോളജ് ക്യാമ്പസിനകത്തു വച്ചായിരുന്നു കൊലപാതകം. അവസാനവര്‍ഷ ഫുഡ് ടെക്‌നോളജി പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളില്‍ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികില്‍ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.