കസബ വിവാദത്തില്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യുന്നതിനാലാണ് നമുക്ക് പ്രശ്‌നം, ആരോടും വ്യക്തിവൈരാഗ്യമില്ല: റിമ കല്ലിങ്കല്‍

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യമുന്നയിച്ച് റിമ കല്ലിങ്കല്‍ . അതിജീവിത ഒരു പോസ്റ്റ് ഇടുമ്പോള്‍ അത് റീഷെയര്‍ ചെയ്യുന്നതിന് അപ്പുറത്തേക്ക് നമ്മള്‍ ഇന്ന് നോക്കേണ്ട പല കാര്യങ്ങളുണ്ട്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ട് വര്‍ഷത്തോളമായി പുറത്തുവിട്ടിട്ടില്ല. എന്തുകൊണ്ടാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത്? ഇതുപോലൊരു സംഭവം ഇനി ഉണ്ടാകരുത് എന്ന ആഗ്രഹത്തിലാണ് ഞങ്ങള്‍ ഇത് സംസാരിക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ക്ക് ഒരു അവസാനമുണ്ടാകണം. അത് വളരെ പ്രധാനപ്പെട്ടതാണ്. അതിനാലാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അവര്‍ റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

കസബ വിവാദത്തില്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യുന്നതിനാലാണ് നമുക്ക് പ്രശ്നം. മമ്മൂക്കയെ അത്രയധികം ആളുകള്‍ ആരാധിക്കുന്നുണ്ട്, സ്നേഹിക്കുന്നുണ്ട്, അദ്ദേഹം ചെയ്യുന്നത് അനുകരിക്കുന്നുണ്ട്. അതിനാലാണ് നമ്മള്‍ അത് ചൂണ്ടിക്കാട്ടുന്നത്. നമുക്ക് ആരോടും വ്യക്തി വൈരാഗ്യമില്ല, മാറേണ്ടത് ഒരു സംസ്‌കാരമാണ്. ഏറ്റവും വലിയ ഇന്‍ഫ്ലുന്‍സേഴ്സ് അതിനൊപ്പം നില്‍ക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത് വളരെ വളരെ വളരെ കുറവാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ഡബ്ല്യുസിസി പ്രവര്‍ത്തകര്‍ എന്തൊക്കെ ചെയ്തു. ഞങ്ങള്‍ എത്ര സമയം ഇതിനായി ചെലവഴിച്ചു. ഇപ്പോള്‍ നാരദന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ ഞങ്ങള്‍ ഇതിന്റെ വര്‍ക്കിനായി പോവുകയാണ്. അവിടെ ഞങ്ങളുടെ സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ പൂര്‍ണ്ണമായി സിനിമയില്‍ മുഴുകുമ്പോള്‍ ഞങ്ങള്‍ ഗ്രാസ്റൂട്ട് വിഷയങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും സംസാരിക്കുകയാണ്.

ഹേമ പറയുന്നു നിങ്ങള്‍ പുറത്ത് പോയി പറഞ്ഞോളൂ എന്ന്. എത്ര സ്ത്രീകള്‍ അവരുടെ സമയം ഇതിനായി ചെലവഴിച്ചു. അവരുടെ പ്രശ്നങ്ങള്‍ സംസാരിച്ചു. എന്നിട്ട് എന്താണ് ഹേമ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു.