അച്ഛന് പിറന്ന മകന്‍, അവന് അങ്ങനെ പറയാനേകഴിയൂ, കാരണം അവന്റെ അച്ഛന്റെ പേര് മമ്മൂട്ടി എന്നാണ്: രഞ്ജിത്

അഭിനയ സപര്യയില്‍ അരനൂറ്റാണ്ട് പിന്നിട്ട മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചും അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്. ഒരമ്മ പെറ്റ മക്കളല്ലെങ്കിലും എന്റെ മുതിര്‍ന്ന സഹോദരനായ മമ്മൂട്ടി എന്ന മനുഷ്യനെക്കുറിച്ച് എഴുതുമ്പോള്‍ മനസ്സും പേനയും മടികാണിക്കുകയാണെന്ന് മാതൃഭൂമിയിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം കുറിച്ചു.

 

കയ്യൊപ്പ് സിനിമ ചുരുങ്ങിയ ബജറ്റില്‍ താന്‍ നിര്‍മ്മിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ‘ഈ ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിന് എത്രനാള്‍ ഷൂട്ട് വേണ്ടിവരും” എന്നു മമ്മൂട്ടി ചോദിച്ചുവെന്നും എന്നാല്‍ നിങ്ങള്‍ക്ക് റെമ്യൂണറേഷന്‍ തരാനുള്ള വക എനിക്കില്ല”എന്ന് താന്‍ മറുപടി നല്‍കിയെന്നും രഞ്ജിത് പറഞ്ഞു, വഴിച്ചെലവിന്റെ കാശുപോലും എനിക്ക് ചെലവാക്കാന്‍ സാഹചര്യമുണ്ടാക്കാതെ അദ്ദേഹം വന്നു. പതിനാലുനാള്‍കൊണ്ട് സിനിമ താന്‍ പൂര്‍ത്തിയാക്കിയെന്നും രഞ്ജിത് വ്യക്തമാക്കി.

 

അന്നു തുടങ്ങിയ ആത്മബന്ധം ഇന്നും തുടരുകയാണെന്ന് രഞ്ജിത് ലേഖനത്തില്‍ കുറിച്ചു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിനെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു. അയ്യപ്പനും കോശിയും, പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച, സച്ചി സംവിധാനംചെയ്ത, ഞാന്‍കൂടി പങ്കാളിയായ പുതിയ ചിത്രം.അതിന്റെ ആദ്യ ടീസര്‍ ലോഞ്ച് നടത്തിയത് മലയാളത്തിന്റെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാനാണ്, ഞങ്ങളുടെ ചാലു. ഈ ആവശ്യത്തിനായി ഞാന്‍ വിളിച്ചപ്പോള്‍ ഒരു മറുവാക്കില്ല. സമ്മതം എന്നാണയാള്‍ പറഞ്ഞത്. അച്ഛന് പിറന്ന മകന്‍. അവന് അങ്ങനെ പറയാനേകഴിയൂ, കാരണം അവന്റെ അച്ഛന്റെ പേര് മമ്മൂട്ടി എന്നാണ്.