മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായ പരാമര്‍ശം; ക്ഷമ ചോദിച്ച് വിനായകന്‍

മാധ്യമപ്രവര്‍ത്തകക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് നടന്‍ വിനായകന്‍. തന്റെ ഭാഷാപ്രയോഗത്തിന്മേല്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു. പരാമര്‍ശം വ്യക്തിപരമായിരുന്നില്ല എന്ന് വിനായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

‘ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ (ഒട്ടും വ്യക്തിപരമായിരുന്നില്ല) വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’ വിനായകന്‍ കുറിച്ചു.

വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി സിനിമയുടെ പ്രചാരണാര്‍ത്ഥം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു വിനായകന്‍ വിവാദ പരാമര്‍ശം നടത്തിയത്. മീ ടു എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെടുവാന്‍ തോന്നിയാല്‍ അവരോട് അത് ചോദിക്കും. അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നും അവര്‍ നോ പറയുകയാണെങ്കില്‍ ഓകെ എന്നുമാണ് വിനായകന്‍ പറഞ്ഞത്.

എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല. മാന്യന്മാരെന്ന് നടിക്കുന്നവരെ താന്‍ എന്നും വിമര്‍ശിക്കും. അതിന്റെ പേരില്‍ സിനിമ ജീവിതത്തിന് യാതൊന്നും തന്നെ സംഭവിക്കില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് വിനായകനെതിരെ ഉയര്‍ന്നത്. ഇതോടെയാണ് ഫെയ്‌സ്ബുക്കിലൂടെ ഉള്ള ക്ഷമാപണം.