ഒരു എലവേറ്ററില്‍ ഫഹദിനും അല്ലു അര്‍ജുനും ഒപ്പം കുടുങ്ങിയാല്‍ അവരോട് എന്തു ചോദിക്കും? തുറന്നു പറഞ്ഞ് രശ്മിക മന്ദാന

സിനിമയില്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് നടി രശ്മിക മന്ദാന. അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങളാണ് രശ്മിക പങ്കുവയ്ക്കുന്നത്. ഒരു എലവേറ്ററില്‍ ഫഹദ് ഫാസിലിനും അല്ലു അര്‍ജുനും ഒപ്പം കുടുങ്ങിയാല്‍ അവരോട് എന്തു ചോദിക്കുമെന്ന അവതാരകന്റെ ചോദ്യത്തിന് രസകരമായി ഉത്തരം നല്‍കിയിരിക്കുകയാണ് താരം.

സിനിമയിലെ അവരുടെ അനുഭവങ്ങളും നല്ല മനുഷ്യനും നല്ല നടിയുമാകാനുള്ള ഉപദേശങ്ങളും ചോദിക്കും എന്നായിരുന്നു രശ്മികയുടെ മറുപടി. അല്ലു അര്‍ജുന്‍ തന്റെ ജീവിതത്തിലെ കോച്ചാണെന്നും അദ്ദേഹത്തോടൊപ്പമുള്ള അഭിനയം വിസ്മയകരമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

എന്തു കൊണ്ടാണ് തന്നെ നാഷണല്‍ ക്രഷ് എന്നു വിളിക്കുന്നത് എന്നറിയില്ല. അതെവിടെ നിന്ന് വന്നു എന്നു പോലുമറിയില്ല. കര്‍ണാടകയിലാണ് ജനിച്ചതും വളര്‍ന്നതും. ഇന്ന് ഹൈദരാബാദിലും ബോംബെയിലുമാണ് ജീവിതം. ആരാധകരുടെ സ്നേഹം പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ്.

സിനിമയില്‍ വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് കുടുംബത്തെയാണ്. അല്ലു അര്‍ജുനും ഫഹദും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പ ആണ് രശ്മികയുടെ പുതിയ സിനിമ. ചിത്രത്തില്‍ വില്ലനായാണ് ഫഹദ് ഫാസില്‍ എത്തുന്നത്. ഗുഡ് ബൈ എന്ന ഹിന്ദി ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.