പിഷൂ നിങ്ങള്‍ കളിമാറ്റി പിടിക്കുവാണോ, ഇത് പൊളിക്കുമെന്ന് ആരാധകര്‍; അതിജീവനത്തിന്റെ കഥയെന്ന് പിഷാരടി, നോ വേ ഔട്ട് വൈറല്‍

രമേശ് പിഷാരടി കേന്ദ്ര കഥാപാത്രമായി എത്തുന്ന സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം നോ വേ ഔട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, നിവിന്‍ പോളി, ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയില്‍ കൂടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. പിഷാരടിക്ക് പുറമെ ധര്‍മജന്‍ ബോള്‍ഗാട്ടി, സംവിധായകനായ ബേസില്‍ ജോസഫ്, ജൂണ്‍ ഫെയിം രവീണ നായര്‍ എന്നിവരാണ് മറ്റ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവാഗതനായ നിധിന്‍ ദേവിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിധിന്‍ തന്നെയാണ്. വര്‍ഗീസ് ഡേവിഡാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നാല് വ്യത്യസ്ത ഭാവത്തില്‍ നില്‍ക്കുന്ന പിഷാരടിയെയാണ് പോസ്റ്ററിലൂടെ കാരിക്കേച്ചറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ചുണ്ടത്ത് ഒരു സിഗരറ്റും ചെവിയില്‍ നിന്ന് തെറിച്ച് പോകുന്ന എയര്‍പോഡുമൊക്കെ പോസ്റ്ററില്‍ കാണാം. പോസ്റ്റഡ പങ്കുവെച്ചുകൊണ്ട് രമേശ് പിഷാരടി കുറിച്ചിരിക്കുന്നത്. ഒരു അതിജീവനത്തിന്റെ കഥയാണ്… ഈ കാഴ്ചകള്‍ക്കൊപ്പം നിങ്ങള്‍ ഉണ്ടാവും എന്ന പ്രതീക്ഷയോടെ നോ വേ ഔട്ട് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമര്‍പ്പിക്കുന്നു എന്നാണ്.

കോമഡി കഥപാത്രങ്ങള്‍ മാത്രം ചെയ്ത് പരിചയിച്ച രമേശ് പിഷാരടി ആദ്യമായി അല്‍പം ഗൌരവകരമായ വേഷത്തില്‍ എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്. റിമൊ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം എസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വര്‍ഗീസ് ഡേവിഡ് നിര്‍വ്വഹിക്കുന്നു.

വിനോദ് പറവൂരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, കല-ഗിരീഷ് മേനോന്‍, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍.സംഘട്ടനം- മാഫിയ ശശി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ആകാശ് രാംകുമാര്‍, സ്റ്റില്‍സ്-ശ്രീനി മഞ്ചേരി,ഡിസൈന്‍സ്- റിത്വിക് ശശികുമാര്‍, ആരാച്ചാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റിയാസ് പട്ടാമ്പി,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്. ഷോര്‍ട്ട് ഫിലിം, പരസ്യ സംവിധാനത്തിലൂടെയാണ് പാലാക്കാട് സ്വദേശിയായ സംവിധായകന്‍ നിധിന്‍ ദേവിദാസ് മലയാള സിനിമ മേഖലയില്‍ എത്തുന്നത്.