‘ജോസഫ് സിനിമയ്ക്ക് വേണ്ടി കൂടുതൽ ടെൻഷനടിച്ചത് പ്രിയ’; രസകരമായ സംഭവം പറഞ്ഞ് രമേശ് പിഷാരടി

ജോജു ജോര്‍ജ്  നായകനായെത്തിയ ‘ജോസഫ്’ എന്ന ചിത്രത്തെയോര്‍ത്ത് ഏറ്റവും അധികം ടെന്‍ഷനടിച്ചത് കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയാണെന്ന് രമേശ് പിഷാരടി. ചിത്രത്തിന്റെ താങ്ക്‌സ് കാര്‍ഡില്‍ രമേഷ് പിഷാരടിയുടെ പേരിന് അടുത്തു തന്നെ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത പ്രിയയുടെ പേരു വന്നതെങ്ങിനെയെന്ന് പറയുകയായിരുന്നു പിഷാരടി. ജോസഫിന്റെ വിജയാഘോഷവേളയിലാണ് പിഷാരടി ഇക്കാര്യം പറഞ്ഞത്.

‘പ്രിയയും ഞാനുമാണ് ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കി വെയ്ക്കുന്ന രണ്ടു സ്ഥലങ്ങള്‍. രാത്രി ഒരു മണി, രണ്ടു മണിക്കൊക്കെ ജോജു വിളിക്കും. ‘മഴയാടോ, എന്താ ചെയ്യാന്ന് അറിയില്ല’ എന്നൊക്കെ പറഞ്ഞ് ടെന്‍ഷന്‍ അടിപ്പിക്കും. ജോസഫ് എന്ന സിനിമ നടക്കുന്ന സമയത്ത് പ്രിയ ഗര്‍ഭിണിയാണ്. ‘അധികം ടെന്‍ഷനൊന്നും അടിക്കരുത്. ഇനിയുള്ള മൂന്നു നാലു മാസം ശ്രദ്ധിക്കണം’ എന്നൊക്കെ ഡോക്ടര്‍ പറഞ്ഞതിന്റെ പിറ്റേന്നാണ് ജോസഫിന്റെ ഷൂട്ട് തുടങ്ങുന്നത്. രാത്രി 11 മണി ആവുമ്പോള്‍ ജോജു വിളിക്കും, എന്നിട്ടു പറയും ചിത്രത്തില്‍ വെട്ടിതുണ്ടമാക്കി ചീഞ്ഞളിഞ്ഞു കിടക്കുന്ന ജഡം കാണുന്ന ഒരു രംഗമുണ്ട്. ഈ സീന്‍ എങ്ങിനെയായിരിക്കും പ്രിയേ എന്നൊക്കെ ജോജു ചോദിക്കും.’

‘അങ്ങനെ മൂന്നാലു ദിവസം ആയപ്പോള്‍ ചാക്കോച്ചന്‍ വിളിച്ച് കാര്യം പറഞ്ഞു. രാത്രി 12 മണിക്ക് പ്രിയയെ വിളിച്ച് ഓരോ കാര്യങ്ങള്‍ പറഞ്ഞിട്ട് പ്രിയ ഇവിടെ പേടിച്ച് ഉറക്കമില്ലാതെ ഇരിക്കുകയാണെന്ന്. സത്യത്തില്‍ ജോസഫ് എന്ന സിനിമയോര്‍ത്ത് ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചത് പ്രിയയാണ്. അതുകൊണ്ടാണ്, പ്രിയയുടെ പേര് താങ്ക്‌സ് കാര്‍ഡില്‍ വെച്ചിരിക്കുന്നത്.’ പിഷാരടി പറഞ്ഞു. ചടങ്ങില്‍ ജോസഫിന്റെ വിജയത്തിന്റെ സന്തോഷം പങ്കു വെയ്ക്കുന്ന ഫലകം പ്രിയക്കു വേണ്ടി കുഞ്ചാക്കോ ബോബന്‍ ഏറ്റു വാങ്ങി.

വീഡിയോ കാണാം…