ഓണ്‍ലൈന്‍ ഓഡീഷനിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്; ജോണ്‍ എബ്രഹാമിനൊപ്പം ബോളിവുഡ് ചിത്രം, രാജീവ് പിള്ള പറയുന്നു

ജോണ്‍ എബ്രഹാം നായകനാകുന്ന ബോളിവുഡ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി മലയാളി താരം രാജീവ് പിള്ള. “സത്യമേവ ജയതേ 2” ചിത്രത്തിലാണ് രാജീവ് പിള്ള അഭിനയിക്കാന്‍ ഒരുങ്ങുന്നത്. 2018ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. മിലാപ് സവേരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഓണ്‍ലൈന്‍ ഓഡീഷനിലൂടെയാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് രാജീവ് പിള്ള ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയിരിക്കുന്നത്. ലഖ്‌നൗവിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. അടുത്ത വര്‍ഷമാണ് സത്യമേവ ജയതേ 2 റിലീസിനെത്തുക.

കമാല്‍ ധമാല്‍ മലമാല്‍, ഷക്കീല തുടങ്ങി രണ്ട് ഹിന്ദി ചിത്രങ്ങളില്‍ രാജീവ് പിള്ള വേഷമിട്ടിരുന്നു. സാല്‍മന്‍ ത്രീഡി ആണ് രാജീവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ബഹുഭാഷ ചിത്രമായി ഒരുങ്ങുന്ന സാല്‍മന്‍ ത്രീഡിയില്‍ വിജയ് യേശുദാസ് ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയായി. ഇനി ഫൈറ്റ് സീനുകളും ഗാനരംഗങ്ങളുമാണ് ചിത്രീകരിക്കാനുള്ളത് എന്നാണ് രാജീവ് പറയുന്നത്. വര്‍ക്ക് ഫ്രം ഹോം എന്ന തമിഴ് ചിത്രവും രാജീവിന്റെതായി ഒരുങ്ങുന്നുണ്ട്.