'റായ് ലക്ഷ്മി ഇന്‍ ഐ.പി.എല്‍ വിത്ത് ധോണി'; ഗൂഗിള്‍ തന്നെ നിരോധിക്കണമെന്ന് നടി

ദക്ഷിണേന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് റായ് ലക്ഷ്മി. ബോള്‍ഡ് കഥാപാത്രങ്ങളിലൂടെ വിവാദങ്ങളില്‍ നിറഞ്ഞ താര സുന്ദരി “ക്യാപ്റ്റന്‍ കൂള്‍” ധോണിയുമായുള്ള ബന്ധത്തിന്റെ പേരിലും ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബ്രാന്‍ഡ് അംബാസിഡറുമായിരുന്ന കാലത്താണ് റായ് ലക്ഷ്മി ധോണിയെ പരിചയപ്പെടുന്നത്. എന്നാല്‍ ധോണിയുമായി സുഹൃദ്ബന്ധം മാത്രമേയുള്ളൂവെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. പിന്നീട് ധോണി സാക്ഷി സിങ് റാവത്തിനെ ജീവിതസഖിയായി തിരഞ്ഞെടുത്തതോടെ ഗോസിപ്പുകളെല്ലാം അവസാനമായി.

എന്നാല്‍ നടിയുടെ പുതിയ ചിത്രമായ നീയാ 2 എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ഈ കാര്യം വീണ്ടും ഉയര്‍ന്നു. “റായ് ലക്ഷ്മി ഇന്‍ ഐ.പി.എല്‍ വിത്ത് ധോണി” എന്ന് ഗൂഗിളില്‍ ഇപ്പോഴും ചിലര്‍ തിരയുന്നുണ്ടെന്നായിരുന്നു ചോദ്യം. അതിന് “ഗൂഗിളില്‍ നിന്ന് ആ കീ എടുത്തു കളയൂ. അല്ലെങ്കില്‍ ഗൂഗിള്‍ തന്നെ നിരോധിക്കണം. ആളുകള്‍ക്ക് മറ്റു ജോലികള്‍ ഒന്നുമില്ലേ” എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

തനിക്കിപ്പോള്‍ കാമുകനില്ലെന്നും റായ് അഭിമുഖത്തില്‍ പറഞ്ഞു. എനിക്ക് കാമുകനില്ല. ഞാന്‍ സിംഗിളാണ്. ധാരാളം പ്രണയ ബന്ധങ്ങള്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ ശ്രദ്ധ പൂര്‍ണമായും എന്റെ കരിയറിലാണ്. ഇപ്പോള്‍ ഞാന്‍ ഒരാളെ പ്രണയിച്ചാല്‍ അത് അയാളെ വഞ്ചിക്കുന്നതിന് തുല്യമാണ്. കാരണം അയാള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ എന്റെ പക്കല്‍ സമയം ഇല്ല- റായ് ലക്ഷ്മി പറഞ്ഞു.

ജയ് നായകനാവുന്ന പുതിയ തമിഴ് ചിത്രമാണ് നീയാ 2. ചിത്രത്തില്‍ റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നീ മൂന്ന് നായികമാരാണുള്ളത്. ശക്തമായ പ്രണയകഥയുടെ പശ്ചാത്തലത്തിലുള്ള ഹൊറര്‍ ചിത്രമാണ് നീയാ 2. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.