ബറോസിന്റെ കഥ മനോഹരം, മോഹന്‍ലാല്‍ ഭൂതമായി ത്രിമാനത്തില്‍ പ്രത്യക്ഷപ്പെടുന്നത് കാത്തിരിക്കുന്നു: രഘുനാഥ് പലേരി

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരഭമാണ് ബറോസ്. ഈസ്റ്റര്‍ ദിനത്തില്‍ ബ്ലോഗിലൂടെയാണ് ഏവരെയും ആവേശത്തിലാഴ്ത്തി മോഹന്‍ലാല്‍ ആ പ്രഖ്യാപനം നടത്തിയത്. മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബറിലാണ് തുടങ്ങുക. ബറോസ് ആയി മോഹന്‍ലാല്‍ തന്നെ അഭിനയിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിജോ നവോദയ ആണ്. ഇവര്‍ ഒന്നിക്കുന്ന ബറോസ് എന്ന ത്രിമാന വിസ്മയത്തിനായി കാത്തിരിക്കുകയാണെന്ന് പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി പറയുന്നു.

“ജിജോ പുതിയൊരു ത്രിമാന സിനിമയുടെ തലതൊട്ടപ്പനായി മാറുകയാണ്. അത് സംവിധാനം ചെയ്യുന്നത് മോഹന്‍ലാല്‍ ആണ്. ജിജോ സാങ്കേതിക കാര്യങ്ങള്‍ നോക്കി ഒപ്പം ഉണ്ടാവും. എനിക്ക് വളരെ സന്തോഷം തരുന്ന കാഴ്ച്ചയാണ് അത്. ജിജോയില്‍ നിന്നും ആ കഥ നേരത്തെ ഞാന്‍ കേട്ടതാണ്. ബറോസ് എന്ന പാവം ഭൂതത്തിന്റെ കാത്തിരിപ്പിന്റെ കഥ. മനോഹരമാണ് ആ കഥ. മോഹന്‍ലാല്‍ ഭൂതമായി ആ ത്രിമാനത്തില്‍ പ്രത്യക്ഷപ്പെടുന്നത് കാത്തിരിക്കയാണ് ഞാന്‍. ഭൂതമായി മാത്രമല്ല, ജിജോ ഡൈമെന്‍ഷനിലൂടെ നടന വൈഭവമായ മോഹന്‍ലാല്‍
സംവിധായകനായും മാറുകയാണ്.” കുടുംബം മാസികയില്‍ എഴുതിയ ലേഖനത്തില്‍ രഘുനാഥ് പലേരി പറഞ്ഞു. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ തിരക്കഥാകൃത്താണ് രഘുനാഥ് പലേരി.

സിനിമാ സ്‌കോപ് ചിത്രങ്ങള്‍ മലയാള സിനിമയില്‍ കൊണ്ടു വന്ന ജിജോ പിന്നീട് ഇന്ത്യയിലെ ആദ്യത്തെ 70 എംഎം ചിത്രമായ പടയോട്ടവും അതുപോലെ ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനും ഒരുക്കിയ വ്യക്തതിയാണ്. ആന്റണി പെരുമ്പാവൂരാണ് ബറോസിന്റെ പ്രധാന നിര്‍മ്മാതാവ്. വിദേശ താരങ്ങള്‍ നിറഞ്ഞ ബറോസ് എന്ന സിനിമയില്‍ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോര്‍ച്ചുഗല്‍ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.