ആനയുടെ അടുത്ത് പോകാന്‍ സലിം കുമാര്‍ പേടിച്ചു.. രമ്യ നമ്പീശനെ കണ്ടുപിടിച്ചത് അതുകൊണ്ടാണ്; ജയറാം ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്

ബാലതാരമായി സിനിമയില്‍ എത്തിയ രമ്യ നമ്പീശന്‍ നായികയായി അരങ്ങേറ്റം കുറിച്ചത് ‘ആനചന്തം’ എന്ന ചിത്രത്തിലൂടെയാണ്. ജയരാജിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തെത്തിയ ചിത്രത്തില്‍ ജയറാം ആയിരുന്നു നായകന്‍. ജയറാമിന്റെ നായികയായി രമ്യയെ തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെ കുറിച്ചാണ് സിനിമയുടെ നിര്‍മ്മാതാവ് സമദ് മങ്കട പറയുന്നത്.

ജയറാം ഉള്‍പ്പെടെയുള്ള മറ്റു താരങ്ങളെയെല്ലാം തീരുമാനിച്ചിരുന്നു. നായികയായി ഗ്രാമ ഭംഗി തോന്നിക്കുന്ന ഒരു നടി വേണം എന്നുണ്ടായിരുന്നു. അങ്ങനെ ഒരാള്‍ വേണം. അത് പുതുമുഖം ആയാലും കുഴപ്പമില്ല എന്നായിരുന്നു ചിന്ത. അപ്പോഴാണ് രമ്യയുടെ ഒരു മുഖചിത്രമുള്ള മാഗസിന്‍ കാണുന്നത്.

രമ്യയെ കുറിച്ച് അന്വേഷിച്ചു. കലാകാരിയാണ് എന്നൊക്കെ അറിഞ്ഞു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ്. ഒരു കേരള തനിമയുള്ള കുട്ടിയാണ് എന്ന് തോന്നി. അങ്ങനെയാണ് അവരുമായി സംസാരിക്കുന്നത്. സംവിധായകന്‍ ജയരാജ് തന്നെയാണ് അതിന് മുന്‍കൈ എടുത്ത് എല്ലാം ചെയ്തത്. അങ്ങനെയാണ് കാസ്റ്റ് ചെയ്യുന്നത്.

രമ്യ നന്നായി അഭിനയിച്ചു. ആനച്ചന്തത്തിലെ പ്രധാന കഥാപത്രം ചെയ്യാന്‍ ആനക്കമ്പക്കാരനായ ജയറാം അല്ലാതെ മറ്റാര്‍ക്കും പറ്റില്ലെന്ന് നമുക്ക് അറിയാമായിരുന്നു. ജയറാം അത് ചെയ്യാമെന്ന് പെട്ടെന്ന് പറഞ്ഞു. ‘മധുചന്ദ്രലേഖ’യ്ക്ക് പിന്നാലെ ഇത് ചെയ്തു. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ ജയറാമിന് ത്രില്ലടിച്ചിരുന്നു.

സമദ് ചെയ്തില്ലെങ്കില്‍ വേറെ ആളെ നോക്കുമെന്ന് വരെ ജയറാം പറഞ്ഞിരുന്നു എന്നാണ് നിര്‍മ്മാതാവ് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സെറ്റില്‍ ആനയുടെ അടുത്ത് പോകാന്‍ സലിം കുമാര്‍ പേടിച്ചു നിന്നിരുന്നതായും പിന്നീട് ആ ആനയുമായി ഇണങ്ങുകയും അഭിനയിക്കുകയും ചെയ്‌തെന്നും സമദ് മങ്കട വ്യക്തമാക്കി.