'അച്ഛന് വേറെ പണിയില്ലേ മണിയെ വെച്ച് സിനിമ ചെയ്യാന്‍?' മരിക്കുന്നതിന് മുമ്പ് മകളും ചോദിച്ചു'; ആ സിനിമയുടെ പേര് പറയാന്‍ പോലും നാണക്കേടാണ്, നിര്‍മ്മാതാവ് പറയുന്നു

കലാഭവന്‍ മണിയെ നായകനാക്കി ഒരുക്കിയ ഒരു പരാജയ ചിത്രത്തെ കുറിച്ച് തുറന്നു പറഞ്ഞ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കല്ലിയൂര്‍ ശശി. 2007ല്‍ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് എന്ന ചിത്രത്തെ കുറിച്ചാണ് നിര്‍മ്മാതാവ് പറഞ്ഞത്. ഏറെ പ്രയാസപ്പെട്ട് നില്‍ക്കുന്ന സമയത്തായിരുന്നു ഈ ചിത്രം താന്‍ ചെയ്തത്.

വളരെ ചെറിയ ചിത്രമായിരുന്നു ഇന്ദ്രജിത്ത്. നല്ല തിരക്കഥയായിരുന്നു കേട്ടത്. എന്നാല്‍ സിനിമ ചെയ്തു വന്നപ്പോള്‍ അത് മാറി. സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ വിജയിക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും നിര്‍മ്മാതാവ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Indrajith (2007) Malayalam in HD - Einthusan | Movies, Movies online, Music

ജയറാം ചിത്രം സര്‍ക്കാര്‍ ദാദ റിലീസ് ചെയ്യാന്‍ ബുദ്ധിമുട്ടി നില്‍ക്കുമ്പോഴാണ് ഇന്ദ്രജിത്ത് സിനിമ ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമാകുമെന്ന് കരുതിയാണ് ചെയ്തത്. നല്ലൊരു ആക്ഷന്‍ മൂവിയായിരുന്നു. പക്ഷെ ചിത്രീകരിച്ച് വന്നപ്പോള്‍ മോശമായി. ഫൈനല്‍ എഡിറ്റിംഗിന് ശേഷം സിനിമ കണ്ടപ്പോള്‍ ആദ്യം തനിക്ക് ചിരിയായിരുന്നു വന്നത്.

സിനിമ പോയി എന്ന് അത് കണ്ടപ്പോള്‍ തന്നെ മനസിലായി. സിനിമ ഓടില്ലെന്ന് സംവിധായകന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു. തല്ലിപ്പൊളി സിനിമ. ഇന്നും ആ സിനിമയുടെ പേര് പറയാന്‍ പോലും തനിക്ക് നാണക്കേടാണ്. സിനിമ പരാജയപ്പെട്ടപ്പോള്‍ കലാഭവന്‍ മണിക്കും വലിയ വിഷമം ആയിരുന്നു. സിനിമയുടെ പേരില്‍ കുറെ വിമര്‍ശനം കേട്ടു.

Malayalam Movie | Indrajith Malayalam Movie | Kalabhavan Mani Pulps the Shylock - YouTube

കാണുന്നവര്‍ മുഴുവനും മണിയെ വെച്ച് സിനിമ എടുത്തതില്‍ തന്നെ വിമര്‍ശിക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് തന്റെ മകളും ഈ സിനിമയുടെ പേരില്‍ തന്നെ വിമര്‍ശിച്ചിരുന്നു. അച്ഛന് വേറെ പണിയില്ലേ കലാഭവന്‍ മണിയെ വെച്ച് സിനിമ എടുക്കാന്‍ എന്നായിരുന്നു മരിക്കുന്നതിന് മുമ്പ് അവള്‍ പറഞ്ഞത്. ആ സിനിമ വേണ്ടെന്ന് അവള്‍ അന്ന് പറഞ്ഞിരുന്നു. അവള്‍ അന്ന് ചുമ്മാതെ ചോദിച്ചതാണ് എന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.