കോവിഡ് കാലത്ത് ബിരിയാണി വില്‍പ്പനയുമായി കിന്നാരത്തുമ്പികള്‍ നിര്‍മ്മാതാവ്

കോവിഡ് പ്രതിസന്ധികള്‍ക്കിടെ ബിരിയാണി കച്ചവടം തുടങ്ങി കിന്നാരത്തുമ്പികള്‍, തങ്കത്തോണി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ നിര്‍മ്മാതാവ്. സിനിമാരംഗം നിശ്ചലമായതോടെ ജീവിക്കാന്‍ മാര്‍ഗമില്ലാതായ സാഹചര്യത്തിലാണ് 49 രൂപയ്ക്ക് ബിരിയാണി വില്‍പ്പന ആരംഭിച്ചത് എന്നാണ് നിര്‍മ്മാതാവ് ജാഫര്‍ കാഞ്ഞിരപ്പള്ളി പറയുന്നത്. താനും ഭാര്യയും ചേര്‍ന്നാണ് ബിരിയാണി ബിസിനസ് ആരംഭിച്ചത്.

ഇപ്പോള്‍ ആറു ജീവനക്കാരുണ്ട്. അയ്യായിരം ബിരിയാണിയോളം ഓര്‍ഡറുണ്ട് എന്നാണ് ജാഫര്‍ മനോരമ ന്യൂസിനോട് പറയുന്നത്. എറണാകുളത്ത് തമ്മനം, വാഴക്കാല, വെണ്ണല, കലൂര്‍, പാലാരിവട്ടം എന്നീ സ്ഥലങ്ങളിലെ സിനിമാ ബിരിയാണി കൊടുക്കുന്നത്. കാഞ്ഞിരപ്പള്ളി ബേബി തിയേറ്ററിലെ ഓപ്പറേറ്റര്‍ ആയി സിനിമജീവിതം തുടങ്ങിയ ജാഫര്‍ പിന്നീട് ഡിസ്ട്രിബ്യൂട്ടര്‍ ആയി മാറി.

മദ്രാസില്‍ പോയപ്പോള്‍ ഷക്കീല എന്ന നടിയെ പരിചയപ്പെടുകയും തുടര്‍ന്ന് കിന്നാരത്തുമ്പികള്‍ സിനിമയുടെ പ്രൊഡക്ഷന്‍ സംഭവിച്ചത്. വേഴാമ്പല്‍, റൊമാന്‍സ്, ഹോസ്റ്റല്‍, രാക്ഷസരാജ്ഞി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി. ഇപ്പോള്‍ ഷക്കീല സംവിധാനം ചെയ്യുന്ന നീലക്കുറിഞ്ഞി പൂത്തു എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനത്തിലാണെന്നും ജാഫര്‍ പറഞ്ഞു.

ഷക്കീല വളരെ സ്റ്റാന്‍ഡേര്‍ഡും സംസാരിക്കാനും കഴിവുള്ള സ്ത്രീയാണ്. അവരുടെ സഹോദരങ്ങളും സഹായിച്ചവരും അവരെ ചതിച്ചു. അതുകൊണ്ടാകാം അവര്‍ മദ്യത്തെ ആശ്രയിച്ചത്. പക്ഷേ, ഇപ്പോള്‍ അതില്‍ നിന്നൊക്കെ മാറി മാന്യമായി ജീവിക്കുന്ന സ്ത്രീയാണെന്നും ജാഫര്‍ വ്യക്തമാക്കി.