'മമ്മൂട്ടി ചീത്ത വിളിച്ചതോടെ ഭദ്രന്‍ ദേഷ്യപ്പെട്ട് കാറില്‍ കയറി പോയി, ഒടുവില്‍ താരത്തെ മരത്തില്‍ നിന്നിറക്കാന്‍ ഫയര്‍ ഫോഴ്‌സിനെ വരുത്തി'; ഹിറ്റ് സിനിമയുടെ നിര്‍മ്മാതാവ് പറയുന്നു

മമ്മൂട്ടി നായകനായെത്തിയ ഭദ്രന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന രസകരമായ സംഭവങ്ങള്‍ പങ്കുവച്ച് നിര്‍മ്മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍. സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയി ഒരുക്കിയ അയ്യര്‍ ദ ഗ്രേറ്റ് എന്ന ചിത്രത്തെ കുറിച്ചാണ് ഗുഡ്‌നൈറ്റ് മോഹന്‍ സംസാരിച്ചത്. ചിത്രത്തില്‍ സൂര്യനാരായണ അയ്യര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിട്ടത്.

ഭദ്രന്‍ പെര്‍ഫക്ഷന്റെ ആളാണ്. ഷൂട്ടിംഗിനിടയിലെ ചെറിയ മിസ്റ്റേക്കേ് പോലും പുള്ളി സമ്മതിക്കില്ല. അത് ശരിയാവുന്നത് വരെ അദ്ദേഹം റീ ഷൂട്ട് ചെയ്യും. സിനിമയുടെ ഒരു ഭാഗത്ത് മമ്മൂട്ടി മരത്തില്‍ കയറുന്ന സീന്‍ ഉണ്ട്. മമ്മൂട്ടി എത്ര മരം കയറിയിട്ടും ഭദ്രന് തൃപ്തിയാവുന്നില്ല. ഇനിയും ഒരു സ്റ്റെപ്പ് കൂടെ കയറൂ എന്ന് അദ്ദേഹം മമ്മൂട്ടിയെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു.

തനിക്ക് മരത്തില്‍ കയറാന്‍ അറിയില്ലെന്നും, പേടിയാവുന്നുണ്ടെന്നും മമ്മൂട്ടി പറയുന്നുമുണ്ട്. എന്നാല്‍ ഭദ്രന്‍ അതൊന്നും വകവെക്കാതെ മമ്മൂട്ടിയെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ സഹികെട്ട് മമ്മൂട്ടി ഭദ്രനെ ചീത്ത പറയുകയും, ഭദ്രന്‍ ദേഷ്യപ്പെട്ട് പാക്കപ്പ് പറഞ്ഞ് കാറില്‍ കയറി പോവുകയും ചെയ്തു.

എന്നാല്‍ അപ്പോഴും മമ്മൂട്ടി മരത്തിന്റെ മുകളിലായിരുന്നു. ലൊക്കേഷനിലെ എല്ലാവരും അദ്ദേഹത്തെ താഴെയിറക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒന്നും കഴിയാതെ വന്നപ്പോള്‍ അവസാനം ഫയര്‍ ഫോഴ്സിനെ വിളിച്ചു വരുത്തിയാണ് മമ്മൂട്ടിയെ താഴെയിറക്കിയത് എന്നാണ് മോഹന്‍ പറയുന്നത്. 1990ല്‍ ആണ് അയ്യര്‍ ദ ഗ്രേറ്റ് റിലീസ് ചെയ്തത്.