കിട്ടിയത് സഹപുരുഷതാരത്തിന്റെ പ്രതിഫലത്തിന്റെ പത്ത് ശതമാനം മാത്രം, നിറത്തിന്റെ പേരില്‍ വരെ അവഹേളനം: പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ നിന്ന് തനിക്ക് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ലെന്ന് പ്രിയങ്ക ചോപ്ര. തുടക്കകാലത്ത് സഹ പുരുഷ താരത്തിന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ തനിക്ക് ലഭിച്ചിരുന്നുള്ളുവെന്നും ബോളിവുഡില്‍ സ്ത്രീ-പുരുഷ താരങ്ങള്‍ക്കിടയില്‍ വലിയ വിവേചനമാണ് നിലനില്‍ക്കുന്നതെന്നും പ്രിയങ്ക അഭിമുഖത്തില്‍ വ്യക്തമാക്കി.

‘ബോളിവുഡില്‍ നിന്ന് എനിക്ക് തുല്യ വേതനം ലഭിച്ചിരുന്നില്ല. സഹ പുരുഷ താരത്തിന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ ആദ്യകാലത്ത് ലഭിച്ചിരുന്നുള്ളൂ. അവര്‍ക്ക് ഭീമമായ പ്രതിഫലമാണ് ലഭിക്കാറുള്ളത്.

ഇപ്പോഴും അതിനൊന്നും മാറ്റം വന്നിട്ടില്ല. സ്ത്രീ-പുരുഷ താരങ്ങള്‍ക്കിടയില്‍ വേതനത്തിന്റെ കാര്യത്തില്‍ വലിയ അന്തരമുണ്ട്. ഇപ്പോള്‍ എന്റെ തലമുറയില്‍ പെട്ട സ്ത്രീകള്‍ തുല്യ വേതനം ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്, ഞങ്ങള്‍ക്ക് അത് കിട്ടിയിട്ടില്ല’.

‘സെറ്റില്‍ ചിലപ്പോള്‍ മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരും. എന്നാല്‍, സെറ്റില്‍ എപ്പോള്‍ എത്തണമെന്ന് തീരുമാനിക്കാന്‍ പോലും പുരുഷ താരങ്ങള്‍ക്ക് അധികാരമുണ്ട്. എന്റെ നിറത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിട്ടിരുന്നു. ‘ബ്ലാക് ക്യാറ്റ്’ എന്ന വിളി കേട്ടിരുന്നു. പ്രിയങ്ക ചോപ്ര പറയുന്നു.

റിച്ചാര്‍ഡ് മാഡനൊപ്പം ‘സിറ്റാഡല്‍’ എന്ന പരമ്പരയാണ് പ്രിയങ്കയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ജിം സ്‌ട്രോസ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്‌സ് ഓള്‍ കമിംഗ് ബാക്ക് ടു മി’യിലും നടി അഭിനയിക്കും. ചിത്രം പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ‘ജീ ലെ സരാ’ ആണ് പ്രിയങ്കയുടെതായി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം.

.