മരക്കാറില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ മാക്‌സിമം ശ്രമിച്ച ആളാണ് അപ്പു: തുറന്നു പറഞ്ഞ് പ്രിയദര്‍ശന്‍

ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകന്‍ പ്രണവ് മോഹന്‍ലാലാണ്. ഈ കഥാപാത്രം ചെയ്യാന്‍ താന്‍ പ്രണവിനെ സമീപിച്ചപ്പോള്‍ മാക്‌സിമം ഒഴിഞ്ഞു മാറാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ഒപ്പം പ്രണവ് തന്നോട് ചോദിച്ച രണ്ട് ചോദ്യങ്ങളും പ്രിയദര്‍ശന്‍ വെളിപ്പെടുത്തി.

“ഈ സിനിമയില്‍ നിന്ന് മാക്‌സിമം ഒഴിഞ്ഞു മാറാന്‍ ശ്രമിച്ച ആളാണ് പ്രണവ്. എന്നോട് രണ്ട് ചോദ്യവും. “എന്തിനാണ് ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്?” ഞാന്‍ പറഞ്ഞു കുഞ്ഞ് കുഞ്ഞാലിയെ അവതരിപ്പിക്കാന്‍ എനിക്ക് ഇന്ത്യന്‍ സിനിമയില്‍ ഇതുപോലെ വേറെ ഒരാളെ കിട്ടില്ല. അതുകൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചേ പറ്റൂ എന്നു പറഞ്ഞു. അപ്പോള്‍ പറഞ്ഞു “ഞാന്‍ ഇടംകൈയനാണ്, എന്റെ അച്ഛന്‍ വലംകൈയനാണ്.” ഞാന്‍ പറഞ്ഞു, നാല്‍പ്പത് വര്‍ഷം സിനിമയെടുത്ത് ആള്‍ക്കാരെ പറ്റിച്ച എനിക്ക് ഇടംകൈയ്യനെ വലംകൈയ്യന്‍ ആക്കുവാന്‍ നിഷ്പ്രയാസം സാധിക്കും എന്ന്. അങ്ങനെ നിവൃത്തി ഇല്ലാതെയാണ് അപ്പു ചിത്രത്തില്‍ അഭിനയിച്ചത്.” പ്രിയദര്‍ശന്‍ പറഞ്ഞു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. മോഹന്‍ലാലിനും പ്രണവിനും പുറമെ പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് 19- ന് തിയേറ്ററുകളിലെത്തും.