കള്ളി മുണ്ടുടുത്തു തോര്‍ത്തു തലയില്‍ കെട്ടി അരയില്‍ ബെല്‍റ്റും കെട്ടി കുഞ്ഞാലി മരക്കാര്‍ യുദ്ധത്തിന് പോയിട്ടുണ്ടാവില്ല: പ്രിയദര്‍ശന്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് ക്യാംപെയ്‌നുകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ചിത്രത്തില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ക്ക് എതിരെ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമയുടെ കോസ്റ്റിയൂംസിനെ കുറിച്ച് പറയുകയാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍.

സിനിമയ്ക്കു വേണ്ടി സാധനങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമായി പ്രത്യേക ഫാക്ടറിയുണ്ടാക്കി. അവിടെ നൂറുകണക്കിനു പീരങ്കികളും ആയിരക്കണക്കിനു വാളുകളും തോക്കുകളും പടച്ചട്ടകളും കിരീടങ്ങളും മുഖാവരണങ്ങളും കാല്‍ചട്ടകളും ചെരുപ്പുകളും ഷൂസുകളും ഉണ്ടാക്കി. നൂറുകണക്കിനാളുകള്‍ ഒരു കൊല്ലത്തോളം ജോലി ചെയ്തു.

ഓരോ ദിവസത്തെ ഷൂട്ടിനു ശേഷവും അവയില്‍ പലതും തകര്‍ന്നു. രാത്രികളില്‍ അവയുടെയെല്ലാം അറ്റകുറ്റപ്പണി നടത്തി. പുതിയതുണ്ടാക്കാന്‍ ബജറ്റുണ്ടായിരുന്നില്ല. തെങ്ങിന്‍ മടലു ചീകി കാലിലും കയ്യിലും കെട്ടിയും പനയോലയില്‍ ശര്‍ക്കര ഉരുക്കിയൊഴിച്ചു പടച്ചട്ട ഉണ്ടാക്കിയുമാണത്രേ ആദ്യ കാലത്തു മലയാളി യുദ്ധം ചെയ്തത്.

അതു സിനിമയില്‍ കാണിക്കാനാകില്ല. സ്ത്രീകഥാപാത്രങ്ങള്‍ക്കെല്ലാം അടിസ്ഥാനമാക്കിയത് രവിവര്‍മ ചിത്രങ്ങളിലെ സ്ത്രീകളുടെ വസ്ത്രവും ആഭരണവുമാണ്. സാമൂതിരിയുടെ കാലത്തു ചൈനയില്‍ നിന്നുള്ള സില്‍ക്ക് റൂട്ട് ശക്തമായിരുന്നു. അന്നു സില്‍ക്കു വസ്ത്രങ്ങള്‍ ഇവിടെ കിട്ടിയിരുന്നു. വസ്ത്രവും വേഷവും ഇതായിരുന്നില്ല എന്ന് ആര്‍ക്കും പറയാം.

എന്തായിരുന്നു എന്നു പറഞ്ഞു തരാനുമാകില്ല. കള്ളി മുണ്ടുടുത്തു തോര്‍ത്തു തലയില്‍ കെട്ടി അരയില്‍ ബെല്‍റ്റും കെട്ടി കുഞ്ഞാലി മരക്കാര്‍ യുദ്ധത്തിനു പോയിട്ടുണ്ടാവില്ലെന്ന് ഉറപ്പാണ്. കാരണം, ആ വസ്ത്രവുമായി കടല്‍ യുദ്ധം ചെയ്യാനാകില്ലോ എന്നാണ് പ്രിയദര്‍ശന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.