ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടവയില്‍ വെച്ച് ഏറ്റവും മികച്ച ടെക്‌നിക്കല്‍ ബ്രില്യന്റ് ചിത്രമായിരിക്കും മരക്കാര്‍: പ്രിയദര്‍ശന്‍

ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം മാര്‍ച്ച് 26- നാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തെ കുറിച്ചുള്ള പല ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ സംവിധായകന്റെ പൂര്‍ണ്ണ ആത്മവിശ്വസത്തോടെയുള്ള ഒരു പ്രസ്താവനയാണ് മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടവയില്‍ വെച്ച് ഏറ്റവും മികച്ച ടെക്‌നിക്കല്‍ ബ്രില്ലന്റ് ചിത്രമായിരിക്കും മരക്കാര്‍ എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

“എന്റെ പാഠപുസ്തകത്തിലെ ചെറിയയൊരു പാര്‍ട്ടായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍. അതില്‍ നിന്നാണ് കുഞ്ഞാലി എന്ന കഥാപാത്രം എന്റെ മനസില്‍ പതിഞ്ഞത്.പിന്നെ കാലാപനിയ്ക്ക് ശേഷമാണ് ഇതിനൊരു സ്‌കോപ്പ് ഉണ്ടെന്ന് മനസിലായത്. എന്നാല്‍ ചരിത്രത്തില്‍ നിന്നും പല കാര്യങ്ങളും വ്യക്തമല്ല. അദ്ദേഹത്തിന് പ്രേമമുണ്ടായിരുന്നോ വിവാഹം കഴിച്ചിരുന്നോ അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍. ഇവിടെ ആ ക്യാപ് ചരിത്ര സംഭവങ്ങളില്‍ കലാകാരന്റെ ഭാവനകൂടി കൂട്ടിച്ചേര്‍ത്ത് നികത്തി അവതരിപ്പിച്ചിരിക്കുകയാണ് ഇതില്‍. എനിക്ക് മനസ് കൊണ്ട് പറയാന്‍ സാധിക്കും, രാജ്യത്ത് നിര്‍മ്മിക്കപ്പെട്ടവയില്‍ വെച്ച് ഏറ്റവും മികച്ച ടെക്‌നിക്കല്‍ ബ്രില്യന്റ് ചിത്രമായിരിക്കും മരക്കാര്‍.” മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കവേ പ്രിയദര്‍ശന്‍ പറഞ്ഞു.

https://www.instagram.com/p/B8DiOi2Ahdm/?utm_source=ig_web_copy_link

മരയ്ക്കാറിന് വി.എഫ്.എക്‌സ് ഒരുക്കുക മാര്‍വെല്‍ സിനിമകള്‍ക്ക് വി.എഫ്.എക്‌സ് ഒരുക്കിയ അനിബ്രയിന്‍ ആണ്. ലോക സിനിമയിലെ തന്നെ പല വമ്പന്‍ സിനിമകള്‍ക്കും വി എഫ് എക്സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിന്‍. കിംഗ്‌സ്മാന്‍, ഗ്വാര്‍ഡിയന്‍ ഓഫ് ഗ്യാലക്സി, ഡോക്ടര്‍ സ്‌ട്രെയിഞ്ച്, നൗ യൂ സീ മീ 2 എന്നിവ ഇവയില്‍ ചിലത് മാത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മാര്‍ച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്തും.