ലൂസിഫര്‍ ചെയ്തതിനു ശേഷം ഒരു കാര്യം ഞാന്‍ സിനിമയില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്: പൃഥ്വിരാജ്

തന്റെ ആദ്യ ചിത്രം ലൂസിഫര്‍ വന്‍വിജയമാക്കി മാറ്റിയ പൃഥ്വിരാജ് ഇപ്പോള്‍ താന്‍ അഭിനയിക്കുന്ന പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. ലൂസിഫറിനു ശേഷം പൃഥ്വിരാജിന്റേതായി തിയേറ്ററുകളിലെത്തിയത് കലാഭവന്‍ ഷാജോണ്‍ ഒരുക്കിയ ബ്രദേഴ്‌സ് ഡേ ആയിരുന്നു. ഇതിനു ശേഷം റിലീസിന് ഒരുങ്ങുന്നത് ജീന്‍ പോള്‍ ലാലിന്റെ ഡ്രൈവിംഗ് ലൈസന്‍സാണ്. സംവിധായകനായ പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ടാം സിനിമയാണ് ഡ്രൈവിഗ് ലൈസന്‍സ്. ലൂസിഫര്‍ ചെയ്തതിനു ശേഷം ഒരു കാര്യം താന്‍ സിനിമയില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നു.

“ഡ്രൈവിംഗ് ലൈസന്‍സില്‍ സംവിധായകന്റെ മേഖലയില്‍ ഒരു തരത്തിലുള്ള ഇടപെടലുകളും ഞാന്‍ നടത്തിയിട്ടില്ല. ഞാന്‍ നിര്‍മ്മാതാവായതു കൊണ്ട് സംവിധായകന്‍ എങ്ങനെയാണോ ഈ സിനിമ ചെയ്യുന്നത് അതാണീ സിനിമ എന്നു പൂര്‍ണമായി വിശ്വസിക്കുന്നു. ലൂസിഫര്‍ ചെയ്തതിനു ശേഷം ആ ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നേരത്തെ ഒരു അഭിപ്രായം പറയുമ്പോള്‍ ഒരു നടനെന്ന രീതിയില്‍ ആയിരുന്നു എല്ലാവരും കണ്ടിരുന്നത്. ഇപ്പോള്‍ ഒരു ഫിലിം മേക്കര്‍ അഭിപ്രായം പറയുന്നു എന്നൊരു തോന്നല്‍ വന്നാലോ എന്നു കരുതി ഇപ്പോള്‍ ഒന്നും പറയാറില്ല.” മനോരമയുമായുള്ള അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.

“9”ന് ശേഷം വീണ്ടും പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ലക്ഷ്വറി കാറുകളോട് ആഭിമുഖ്യമുള്ള ഹരീന്ദ്രന്‍ എന്ന സിനിമാതാരമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. “വണ്ടികളുടെ കാര്യത്തില്‍ ഹരീന്ദ്രനുള്ളതു പോലൊരു ഭ്രമം എനിക്കുമുണ്ട്. എനിക്ക് വണ്ടി ഓടിക്കാന്‍ വലിയ ഇഷ്ടമാണ്. എന്നെ കുറിച്ചുള്ള ഒരു പൊതുധാരണ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് എന്നുള്ളതാണ്. പൂര്‍ണമായും തെറ്റാണെന്നു ഞാന്‍ പറയുന്നില്ല. മുന്‍ശുണ്ഠിക്കാരനാണ് എന്ന് എന്നെ കുറിച്ചുള്ള ധാരണ പോലെ തന്നെ ഹരീന്ദ്രനെ കുറിച്ചും ഉണ്ട്.” പൃഥ്വി പറഞ്ഞു.

Read more

ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. പൃഥിരാജിന്റെ ഭാര്യയായാണ് ദീപ്തി വേഷമിടുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അലക്‌സ് ജെ പുളിക്കലാണ്. പൃഥിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 20- ന് ചിത്രം തിയേറ്ററുകളിലെത്തും.