'ആരോഗ്യകരമായ സിനിമയ്ക്ക് സങ്കീര്‍ണമായ പ്ലോട്ടോ, മള്‍ട്ടി ഡൈമന്‍ഷണല്‍ കഥാപാത്രങ്ങളോ ആവശ്യമില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍'; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോയെ പ്രശംസിച്ച് പൃഥ്വിരാജ്

ബിജു മേനോനും സംവൃത സുനിലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം സംവൃത സുനിലിന്റെ തിരിച്ചുവരവും വ്യത്യസ്തമായ കഥാപശ്ചാത്തലവുമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ലാളിത്യത്തില്‍ സിനിമ ഏറെ മനോഹരമാണെന്ന് പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ,  ലാളിത്യത്താല്‍ ഏറെ മനോഹരമായ ചിത്രം. ചിലപ്പോള്‍ ആരോഗ്യകരമായ സിനിമയ്ക്ക് സങ്കീര്‍ണ്ണമായ പ്ലോട്ടോ, മള്‍ട്ടി ഡൈമന്‍ഷണല്‍ കഥാപാത്രങ്ങളോ ആവശ്യമില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രം. പ്രജിത്ത് ചിത്രത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഇത്ര മനോഹരമായി ബിജു ചേട്ടനെ കണ്ടതില്‍ സന്തോഷം. സംവൃതയ്ക്ക് സ്വാഗതം. മലയാള സിനിമ നിങ്ങളെ ഒരുപാട് മിസ് ചെയ്തു.” പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി. പ്രിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനും സംവൃതയ്ക്കും പുറമേ അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും അണിനിരക്കുന്നു. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ഷാന്‍ റഹമാന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.