'ഒരു ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടന്‍തുള്ളലാണോ കാണിക്കേണ്ടത്'? ലൂസിഫറിലെ 'സ്ത്രീവിരുദ്ധത'യെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി

ലൂസിഫറിലെ റഫ്താര ഗാനരംഗത്തില്‍ സ്ത്രീ വിരുദ്ധതയെന്ന് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പൃഥ്വിരാജ്. ഒരു ഡാന്‍സ് ബാര്‍ ചിത്രീകരണമെന്ന് പറഞ്ഞ് കൈകഴുകാനാവില്ലെന്നും നൃത്തരംഗങ്ങളിലെ ക്യാമറാ ആംഗിളുകള്‍ സ്ത്രീ ശരീരത്തെ പ്രദര്‍ശനസ്വഭാവത്തിലാണ് നോക്കിക്കണ്ടതെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മുംബൈയിലെ ഒരു ഡാന്‍സ്ബാറില്‍ പിന്നെ ഓട്ടന്‍തുള്ളലാണോ കാണിക്കേണ്ടതെന്ന് ചോദിക്കുന്നു അദ്ദേഹം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

“സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന ഒന്നും ഇനി എന്റെ കഥാപാത്രങ്ങള്‍ സിനിമകളില്‍ പറയുകയോ ചെയ്യുകയോ ഉണ്ടാവില്ലെന്നാണ് ഞാന്‍ അന്ന് പറഞ്ഞത്. ഗ്ലാമര്‍ വസ്ത്രങ്ങളണിഞ്ഞ് ഒരു സ്ത്രീ നൃത്തം ചെയ്യുന്നത് ഞാന്‍ അന്ന് പറഞ്ഞതിന് എതിരാവുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാവുന്നില്ല. മുംബൈയിലെ ഒരു ഡാന്‍സ് ബാറിന്റെ പശ്ചാത്തലവുമായി ഞാന്‍ അന്ന് പറഞ്ഞതിനെ എങ്ങനെയാണ് അവര്‍ യോജിപ്പിക്കുന്നത്? ആ പശ്ചാത്തലത്തില്‍ ഒരു ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നത് വിചിത്രമായിരിക്കില്ലേ?”

Read more

സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്നതൊന്നും സിനിമകളില്‍ ഇനി ഉണ്ടാവില്ലെന്ന് മുമ്പ് പൃഥ്വിരാജ് പ്രസ്താവിച്ചിരുന്നു. അന്ന് പറഞ്ഞതിനെ സംവിധാനം ചെയ്ത ആദ്യ ചിത്രത്തില്‍ തന്നെ പൃഥ്വിരാജ് അവഗണിച്ചുവെന്നായിരുന്നു വിമര്‍ശനം.