അല്‍ഫോണ്‍സ് എന്നെക്കൊണ്ടൊരു പാട്ട് പാടിക്കാന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി, മിക്കവാറും പാടേണ്ടി വരും: പൃഥ്വിരാജ്

സംലിധായകന്‍ , നടന്‍ , നിര്‍മാതാവ് എന്നതിനൊക്കെ പുറമേ നല്ലൊരു ഗായകന്‍ കൂടിയാണ് പൃഥ്വിരാജ്. എന്നാല്‍ തനിക്ക് പാട്ടുകള്‍ അത്ര ഇഷ്ടമില്ലെന്നും പാടണമെന്ന് ആവശ്യപ്പെട്ട് സമീപിക്കുന്നവരെ നിരുത്സാഹപ്പെടുത്തി മടക്കി അയക്കുകയാണ് രീതിയെന്നുമാണ് അദ്ദേഹം പറയുന്നത്.
ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് പൃഥ്വിരാജ് മനസ്സുതുറന്നത്.

എന്റെ പടങ്ങളില്‍ പാടണമെന്ന് പറയുമ്പോള്‍ ഉഴപ്പാറാണ് പതിവ് അല്‍ഫോണ്‍സ് എന്നെക്കൊണ്ടൊരു പാട്ട് പാടിക്കാന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി. മിക്കവാറും അത് പാടിക്കൊടുക്കേണ്ടി വരും. ബേസിക്കലി എന്റെ പാട്ട് ഇഷ്ടപ്പെടുന്ന ഒരാളല്ല ഞാന്‍. ആദ്യമായി പാടുമ്പോള്‍ പൃഥ്വിരാജ് പാടുന്നു എന്നൊരു കൗതുകം ഉണ്ടല്ലോ. അതിപ്പോള്‍ പോവുകേം ചെയ്തു. ഞാന്‍ പത്ത് പതിനഞ്ച് പാട്ട് പാടി.

അതുകൊണ്ട് ഞാനിപ്പോ പാട്ട് പാടുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിശ്വസിക്കുന്നത്. പാട്ട് പാടിക്കാനായി എന്നെ സമീപിക്കുമ്പോള്‍ പ്രൊഫഷണല്‍ ഗായകരെക്കൊണ്ടു പാടിക്കുന്നതായിരിക്കും നല്ലത് എന്ന് ഞാന്‍ അവരോട് പറയാറുണ്ട്. പൃഥ്വിരാജ് പറഞ്ഞു.

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങിയ ജന ഗണ മനയാണ് ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ചിത്രം. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.