ലൂസിഫറിന് ശേഷം, എമ്പുരാന് മുമ്പ് വേറൊരു ചിത്രം;  അല്ലീസ് സ്റ്റോറീസിനൊപ്പം  പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നുവെന്ന്  പൃഥ്വിരാജ്

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന് മുന്‍പ് മറ്റൊരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണെന്ന് ആരാധകരെ അറിയിച്ച് പൃഥ്വിരാജ്. ഫെയ്സ്ബുക്കിലുടെയാണ് പൃഥ്വിരാജ് പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ പോകുകയാണെന്ന വിവരം അറിയിച്ചത്.

കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച്, ആ നിയന്ത്രണങ്ങള്‍ക്കകത്ത് നിന്നുകൊണ്ടു തന്നെ ചെയ്യാന്‍ സാധിക്കുന്ന ഒരു ചിത്രത്തെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും വൈകാതെ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം കുറിച്ചു.

മകള്‍ അല്ലി എഴുതിയ ഒരു കഥയിലെ ചില വരികളുടെ ചിത്രവും നടന്‍ ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ലോക്ഡൗണില്‍ താന്‍ കേട്ട ഏറ്റവും മികച്ച കഥയാണിതെന്നും പക്ഷെ ഈ  കാലത്ത് ഈ കഥ ചിത്രീകരിക്കുക അസാധ്യമായതിനാല്‍ വേറൊന്നിനെപ്പറ്റി പറ്റി ആലോചിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധം വന്നപ്പോള്‍ അമേരിക്കയില്‍ ജീവിച്ചിരുന്ന ഒരു അച്ഛനും മകനും അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പോയതും രണ്ട് വര്‍ഷത്തിനു ശേഷം യുദ്ധം അവസാനിച്ചപ്പോള്‍ വീട്ടിലെത്തി സന്തോഷത്തോടെ ജീവിച്ചതുമാണ്, പൃഥ്വിരാജിന്റെ മകള്‍ അല്ലിയുടെ കഥ. ഇതിന്റെ ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.