ഭരണകൂടം സമ്പന്നരുടേതാണെന്ന്  എണ്ണവിലയുടെ രാഷ്ട്രീയം നമ്മെ പഠിപ്പിക്കുന്നു , ക്ഷമയുടെ നെല്ലിപ്പലകയും കടന്നാണ് ജനങ്ങൾ നിൽക്കുന്നത്: നടൻ പ്രേംകുമാർ

ഇന്ധന വില വർദ്ധനവ് സാമൂ​ഹ്യ ദുരന്തമെന്ന് നടൻ പ്രേംകുമാർ. നങ്ങളുടെ മനസ്സിൽ പൊള്ളുന്ന തീക്കാറ്റായി അനുദിനം കുതിക്കുന്ന ഇന്ധന വിലയിൽ കിതയ്ക്കുകയാണ് ഇന്ത്യ. ഇന്ധനവിലയുടെ നിർണയാധികാരം എണ്ണക്കമ്പനികളിൽ നിന്ന് തിരിച്ചുപിടിച്ച് സർക്കാരിൽ നിക്ഷിപതമാക്കി നികുതി ഒഴിവാക്കാൻ രാജ്യത്തെ ഭരണകൂടം തയാറാകണമെന്ന് പ്രേംകുമാർ മനോരമ ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

അടിയന്തിരമായി, കുറച്ചതിന്റെ കുറേ മടങ്ങ് വീണ്ടും കൂട്ടുകയും ചെയ്യുന്ന ഇന്ധനത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാൻ കഴിയാത്ത പമ്പര വിഡ്ഢികളാണ് പൊതുസമൂഹം എന്നാണ് അവരുടെ ധാരണ. ഭരണകൂടം സമ്പന്നർക്കുവേണ്ടിയുള്ളതാണെന്ന പൊതുബോധം രൂപപ്പെടാൻ കൂടി എണ്ണവിലയുടെ രാഷ്ട്രീയം നമ്മെ നിർബന്ധിക്കുന്നുണ്ട്

ക്ഷമയുടെ നെല്ലിപ്പലകയും കടന്ന് ക്ഷമിക്കുകയാണവർ. ഇനിയും ആ നല്ല മനുഷ്യരുടെ ക്ഷമ നിങ്ങൾ പരീക്ഷിക്കരുത്. ഏറ്റവും അടിയന്തിരമായിത്തന്നെ ഇന്ധനവില വർധന എന്ന കൊടുംക്രൂരതയിൽ നിന്ന് ജനങ്ങളെ രക്ഷിച്ച് അവരെ ഉത്തമപൗരന്മാരായി തുടരാൻ അനുവദിക്കണം. അദ്ദേഹം പറഞ്ഞു

അതേസമയം രാജ്യത്തെ ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കേരളത്തിലെ പെട്രോള്‍ വില 98 രൂപ പിന്നിട്ടു. നിലവില്‍ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 96 രൂപ 34 പൈസയും ഡീസലിന് 91 രൂപ 77 പൈസയുമാണ് ഇന്നത്തെ വില.