'ഉത്തരവാദിത്വമുള്ള ഭരണം... നിങ്ങള്‍ പ്രചോദനമാകട്ടെ'; ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ പ്രശംസിച്ച് പ്രകാശ് രാജ്

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ 16 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്.

“”ഉത്തരവാദിത്വമുള്ള ഭരണം… ഒരുപാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ”” എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. മുഖ്യമന്ത്രിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് നടന്റെ പ്രതികരണം.

ലോക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ല. അടുത്ത ആഴ്ച മുതല്‍ ജനങ്ങള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. കമ്മ്യൂണിറ്റി കിച്ചനിലൂടെയും റെസ്റ്റോറന്റുകളിലൂടെയും ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കും എന്നാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.

നേരത്തെയും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് പ്രകാശ് രാജ് രംഗത്തെത്തിയിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താനെ ചവിട്ടി പുറത്താക്കി. ആശംസകള്‍ പിണറായി വിജയന്‍ സര്‍. നല്ല ഭരണത്തിന് വര്‍ഗീയതയെയും മതഭ്രാന്തിനെയും മറികടന്ന് സര്‍ക്കാര്‍ വിജയിച്ചു എന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിജയത്തില്‍ പ്രശംസിച്ച് നടന്‍ ട്വീറ്റ് ചെയ്തത്.