അഭ്യൂഹങ്ങള്‍ക്ക് തിരശീല വീഴുന്നു, പ്രഭാസിന്റെ വിവാഹം ഈ വര്‍ഷം

പ്രഭാസിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാള് ഏറേയായി. ഇപ്പോളിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് 38 കാരനായ പ്രഭാസ് ഈ വര്‍ഷം തന്നെ വിവാഹിതനാകുമെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. പ്രഭാസിന്റെ അങ്കിള്‍ കൃഷ്ണാം രാജു പ്രഭാസ് ഈ വര്‍ഷം വിവാഹിതനാവുമെന്ന് അറിയിച്ചതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

കൃഷ്ണാം രാജു തന്റെ പിറന്നാള്‍ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുളള ചോദ്യവും ഉയര്‍ന്നത്. “എല്ലാ അഭിമുഖങ്ങളിലും ഞാന്‍ നേരിടുന്ന ചോദ്യമാണിത്. ഈ വര്‍ഷം തന്നെ പ്രഭാസ് വിവാഹിതനാവും. വിവാഹത്തിന് അവന്‍ സമ്മതം മൂളിയിട്ടുണ്ട്” എന്നായിരുന്നു അതിന് അദ്ദേഹം നല്‍കിയ മറുപടി. ഇതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. ഇനി ആരാണ് വധുവെന്നതാണ് ചര്‍ച്ച.

പ്രഭാസും അനുഷ്‌ക ഷെട്ടിയും എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നവരാണ്. അനുഷ്‌കയുമായി പ്രഭാസ് പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പുകള്‍. അനുഷ്‌കയുടെ പിറന്നാളിന് ആഡംബര കാര്‍ സമ്മാനമായി പ്രഭാസ് നല്‍കിയതും, പ്രഭാസിന്റെ പിറന്നാളിന് ഡിസൈനര്‍ വാച്ച് അനുഷ്‌ക സമ്മാനമായി നല്‍കിയതും ഗോസിപ്പ് വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു ഗോസിപ്പ് വാര്‍ത്തകളോടുളള ഇരുവരുടയും പ്രതികരണം. ബാഹുബലിക്കുശേഷം സാഹോ എന്ന സിനിമയിലാണ് പ്രഭാസ് ഇപ്പോള്‍ അഭിനയിക്കുന്നത്.