'സ്ത്രീകേന്ദ്രീകൃതം എന്ന വാക്കിനോട് തന്നെ യോജിപ്പില്ല, പക്ഷെ എന്നെ തേടിയെത്തുന്നത് അത്തരം കഥാപാത്രങ്ങള്‍'- പാര്‍വതി

കഥാപാത്ര തെരഞ്ഞെടുപ്പില്‍ എന്നും അതീവശ്രദ്ധ ചെലുത്തുന്ന താരമാണ് പാര്‍വതി. 11 വര്‍ഷത്തിലേറെയായി സിനിമയിലുണ്ടെങ്കിലും നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങിയ ബാംഗ്‌ളൂര്‍ ഡെയ്‌സാണ് പാര്‍വതിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. പിന്നീട് ഇങ്ങോട്ടുള്ള കഥാപാത്ര തെരഞ്ഞെടുപ്പുകളില്‍ അവര്‍ പുലര്‍ത്തിയ ജാഗ്രതയാണ് ഇന്ന് ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത് വരെ എത്തിച്ചത്.

ഇര്‍ഫാന്‍ ഖാനും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഖരീബ് ഖരീബ് സിംഗിള്‍ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ഗോവയില്‍നിന്ന് മലയാളത്തില്‍ മറ്റൊരു നടിക്കും അവകാശപ്പെടാനില്ലാത്ത നേട്ടം പാര്‍വതി കൊയ്യുന്നത്. എല്ലാ സിനിമകളും ചെയ്യുക എന്നതല്ല, മറിച്ച് സെലക്ടീവായ കഥാപാത്രങ്ങളെ മാത്രം ലക്ഷ്യമാക്കുക എന്നതാണ് പാര്‍വതിയുടെ രീതി.

എണ്ണത്തില്‍ കുറവാണെങ്കിലും റിസല്‍ട്ടില്‍ വലുതാണ് പാര്‍വതിയുടെ സിനിമകളെല്ലാം. അത്തരത്തില്‍ ഒരു കഥാപാത്രത്തെയാണ് അവാര്‍ഡിന് അര്‍ഹയാക്കിയ ടേക്ക് ഓഫിലും പാര്‍വതി അവതരിപ്പിച്ചത്. 31 വയസ്സുകാരിയും വിവാഹ മോചിതയുമായ നേഴ്‌സ് ഇറാഖില്‍ ഐഎസ് ഭീകരരുടെ പിടിയില്‍ അകപ്പെടുന്നതും അവിടുന്ന് രക്ഷപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

സ്ഥിരം സ്ത്രീകഥാപാത്ര നിര്‍മ്മിതികളില്‍നിന്ന് അകലം പാലിക്കുന്നതായിരുന്നു ടേക്ക് ഓഫിലെ സമീറ. യാഥാര്‍ത്ഥ്യ ബോധ്യത്തോടെയുള്ള ൃകഥാപാത്രമായിരുന്നു അതെന്നും അതിന് ലഭിച്ച അംഗീകാരം വ്യത്യസ്ഥമായ സ്ത്രീ കഥാപാത്രങ്ങളെ ഒരുക്കുന്നതിന് എഴുത്തുകാര്‍ക്ക് പ്രചോദനമാകട്ടെയെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പാര്‍വതി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

“ടേക്ക് ഓഫുമായി ബന്ധപ്പെട്ട് പല നഴ്‌സുമാരുമായും സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍ അവരുടെ അവകാശങ്ങള്‍ക്കായി അവര്‍ പോരാടുന്നു എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടാത്തത് പുരുഷന്മാര്‍ക്ക് അതുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് തെറ്റിദ്ധാരണ കൊണ്ടാണ്. ഇത്തരം സാമ്പ്രദായിക ചിന്തകള്‍ പൊളിച്ചെഴുതിയാല്‍ മാത്രമെ സ്ത്രീക്കും പുരുഷനും ട്രാന്‍ല്‌ജെണ്ടറിനും സിനിമയില്‍ പ്രാതിനിധ്യമുണ്ടാകുകയുള്ളു”. – പാര്‍വതി പറഞ്ഞു.

സ്ത്രീ കേന്ദ്രീകൃതം എന്ന വാക്കിനോട് തന്നെ വിയോജിപ്പുള്ളയാളാണ് താനെന്നും എന്നാല്‍ തന്നെ തേടി വരുന്നത് മുഴുവന്‍ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളാണെന്നും പാര്‍വതി പറഞ്ഞു.