ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥ എന്റെ പാഠപുസ്തകം പോലെയാണ് ഞാന്‍ കരുതുന്നത്: പാര്‍വതി തിരുവോത്ത്

അഭിനയമികവ് കൊണ്ടും ഉറച്ച നിലപാട് കൊണ്ടും സിനിമാമേഖലയില്‍ തന്റേതായ വ്യക്തിത്വം അടയാളപ്പെടുത്തിയ നടിയാണ് പാര്‍വതി തിരുവോത്ത്. ഉയരെയാണ് പാര്‍വതിയുടെ പ്രദര്‍ശനത്തിനൊരുങ്ങുന്ന പുതിയ ചിത്രം. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. നോട്ട്ബുക്കിനു ശേഷം പാര്‍വതിയും ബോബി-സഞ്ജയ് ടീമും ഒരുമിക്കുന്ന സിനിമയാണ് ഇത്. ബോബി-സഞ്ജയ് സ്‌ക്രിപ്റ്റ് തന്റെ പാഠപുസ്തകം പോലെയാണ് താന്‍ കരുതുന്നതെന്നാണ് പാര്‍വതി പറയുന്നത്.

“കൃത്യമായ ഒരു കോണ്‍സെപ്റ്റില്‍ നിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങിയത്. അതു തന്നെയാണ് ഞാന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്നതും. ടേക്ക് ഓഫും അതുപോലെയായിരുന്നു. ഈ കോണ്‍സെപ്റ്റാണ് ഞാന്‍ ആദ്യം കേള്‍ക്കുന്നത്. തിരക്കഥയുടെ പുരോഗതി ഞാന്‍ അപ്പോളപ്പോള്‍ അറിയുന്നുണ്ടായിരുന്നു. ആ തിരക്കഥയ്‌ക്കൊപ്പം ഞാന്‍ വളര്‍ന്നിട്ടുണ്ട്. തിരക്കഥയില്‍  ചിലത് തീരുമാനിക്കും പിന്നീട് ചിലത് തള്ളും. ഇത് മറ്റൊരു നല്ല കാര്യത്തിനാണെന്ന വിശ്വാസം എനിക്കുണ്ട്. കാരണം, ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥ എന്റെ പാഠപുസ്തകം പോലെയാണ് ഞാന്‍ കരുതുന്നത്.”

“ഞങ്ങള്‍ക്കിടയില്‍ നോട്ട്ബുക്കിനു ശേഷം ഇതുവരെ 14 വര്‍ഷത്തെ ഒരിടവേള എന്നൊന്നില്ല. കഴിഞ്ഞ 14 വര്‍ഷങ്ങളായി ഗുരുക്കന്മാരായി സുഹൃത്തുക്കളായി അവരെന്റെ കൂടെ തന്നെയുണ്ടായിരുന്നു. അഭിനേത്രി എന്ന നിലയില്‍ എന്റെ വളര്‍ച്ച ഏറ്റവും അടുത്ത് അറിഞ്ഞിട്ടുള്ളവര്‍ ഇരാണ്.” ലല്ലു സ്പീക്കില്‍ പാര്‍വതി പറഞ്ഞു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥയുന്ന ചിത്രത്തില്‍ പാര്‍വതിയെ കൂടാതെ ആസിഫ് അലി, ടൊവിനോ തോമസ്, സംയുക്ത മേനോന്‍, അനാര്‍ക്കലി മരയ്ക്കാര്‍, പ്രതാപ് പോത്തന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈ മാസം 26 ന് തിയേറ്ററുകളിലെത്തും.