'സിമ്പുവിനൊപ്പം അഭിനയിക്കാന്‍ നായികമാരൊന്നും തയാറായിരുന്നില്ല, തൃഷ അഡ്വാന്‍സ് മടക്കി നല്‍കി, ലക്ഷ്മി മേനോന്‍ വിസ്സമ്മതിച്ചു'- വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

സിമ്പുവിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് അന്‍പാണവന്‍ അസറാദവന്‍ അടങ്ങാതവന്‍. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന്‍ ഇപ്പോള്‍ സിമ്പുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രായപ്പന്‍ സിമ്പുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

“ഒരു നായികമാര്‍ പോലും സിമ്പുവിനൊപ്പം അഭിനയിക്കാന്‍ തയാറായിരുന്നില്ല. തൃഷ മേടിച്ച അഡ്വാന്‍സ് തിരിച്ചു തന്നു. ലക്ഷ്മി മേനോന്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞു. അവരെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ കൊച്ചി വരെ പോയി. അവസാനം സമ്മതം മൂളിയത് ഷ്രിയയാണ്. എന്നാല്‍, ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. ഒരു സോങ് ഷൂട്ട് ചെയ്യാന്‍ അതുകൊണ്ട് സാധിച്ചില്ല. 13 ദിവസത്തെ കോള്‍ഷീറ്റ് ഉണ്ടായിട്ടും ഏഴു ദിവസം മാത്രമെ ഷൂട്ട് ചെയ്യാന്‍ സാധിച്ചുള്ളു.

എപ്പോഴും ലൊക്കേഷന്‍ മാറ്റാന്‍ സിമ്പു ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. മധുരൈ ലൊക്കേഷന്‍ തെരഞ്ഞെടുത്തപ്പോള്‍ അവിടെ ഭയങ്കര ചൂടാണെന്ന് പറഞ്ഞ് സിമ്പു ഒഴിവാക്കി. പിന്നീട് അത് ഗോവയാക്കാന്‍ ആവശ്യപ്പെട്ടു. ദുബായിയില്‍ ചില ഭാഗങ്ങള്‍ പ്ലാന്‍ ചെയ്തപ്പോള്‍ സിമ്പു ലണ്ടന്‍ വേണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ചെന്നൈ ഇസിആറിലാണ് ഷൂട്ട് ചെയ്തത്. ഇസിആറിലെ ഹോട്ടലില്‍ സിമ്പു ആഢംബരമായി പണം ചെലവഴിച്ചു. ഇതേക്കുറിച്ച് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ചോദിച്ചപ്പോള്‍ അയാളെ സിനിമയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. എനിക്ക് അയാളെ പുറത്താക്കേണ്ടി വന്നു. ഇപ്പോള്‍ ഞാന്‍ നടുറോഡില്‍ നില്‍ക്കുകയാണ്. ഇങ്ങനെയൊരു അവസ്ഥ എനിക്കുണ്ടാകുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍പോലും വിചാരിച്ചില്ല.” – രായപ്പന്‍ പറഞ്ഞു.

സിമ്പുവിന്റെ ഇത്തരം പെരുമാറ്റങ്ങള്‍ കൊണ്ട് 18 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൈക്കിള്‍ രായപ്പന്‍ പറഞ്ഞു. എഎഎയുടെ സംവിധായകന്‍ അധിക് രവിചന്ദ്രന്‍ കൂടി പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് നിര്‍മ്മാതാവ് സിമ്പുവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ ശക്തമായി ഉന്നയിക്കപ്പെടുമ്പോഴും സിമ്പു ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. സിമ്പുവിന്റെ പെരുമാറ്റങ്ങളെ ഇപ്പോള്‍ തമിഴ് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മൈക്കിള്‍ രായപ്പന്റെ പരാതി അസോസിയേഷന്‍ മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്.