'ഭയമില്ലാതെ ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയണം; സത്യം പറയുന്നവരെ ഭീഷണിപ്പെടുത്തുന്നത് പ്രശ്നം വഷളാക്കും

ഭയമില്ലാതെ സമൂഹത്തില്‍ ജീവിക്കാനും പ്രവര്‍ത്തിക്കാനും സംസാരിക്കാനും കഴിഞ്ഞില്ലെങ്കില്‍ സമൂഹം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകുമെന്ന് നടി നിത്യാ മേനോന്‍.

ഒരു ഭയവുമില്ലാതെ ആളുകള്‍ക്ക് സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയണം. എന്നു കരുതി എന്ത് വൃത്തികേടും എഴുതാനും സംസാരിക്കാനും കഴിയണമെന്നല്ല. പക്ഷെ ഒരാള്‍ സത്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഭീഷണികള്‍ നേരിടുന്നതോ അല്ലെങ്കില്‍ ഒന്നും സംസാരിക്കാതെ കൂടുതല്‍ ആളുകള്‍ പറയുന്നത് മാത്രം ശരിയെന്ന് കരുതുന്നതും ശരിയായ മാര്‍ഗം അല്ല. ഇത് സമൂഹത്തില്‍ അനാരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. അതാകട്ടെ നിരവധി പ്രശ്നങ്ങളിലേക്കു നയിക്കുന്നുണ്ടെന്നും നിത്യ മേനോന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയിലാണ് നിത്യാമേനോന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരേ സമയം നാലു ഭാഷയില്‍ ചിത്രീകരിക്കുന്ന സിനിമയാണിത്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരേസമയം നാല് ഭാഷകളില്‍ അഭിനയിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള പണിയാണെന്ന് നിത്യ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്. മലയാളവും കന്നഡയും തമിഴും തനിക്ക് ഭംഗിയായി കൈകാര്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍, ഹിന്ദിയുടെ കാര്യത്തില്‍ തനിക്ക് ചെറിയ ബുദ്ധിമുട്ടുണ്ട്. ഹിന്ദി സംസാരിക്കാന്‍ അറിയാം എന്നല്ലാതെ അനായാസം ഭാഷ കൈകാര്യംചെയ്യാന്‍ അറിയില്ലെന്നും നിത്യ പറഞ്ഞു.

തന്റെ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരം ഇടക്കാലത്ത് മലയാളത്തില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു. വി.കെ. പ്രകാശിന്റെ ചിത്രത്തിലൂടെ മലയാളത്തിലേക്ക് നിത്യയുടെ മടങ്ങി വരവും കൂടിയായിരിക്കും. നേരത്തെ നിത്യാ മേനോന്‍ മുഖ്യവേഷത്തില്‍ എത്തിയ മെര്‍സലിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ നോട്ട് നിരോധനത്തെയും ജി.എസ്.ടിയെയും വിമര്‍ശിച്ചതായിരുന്നു പ്രതിഷേധത്തിന് കാരണമായത്.