വേണുവച്ഛന്റെ മടിയില്‍ കിടന്ന് കുറേനേരം കരഞ്ഞു, അദ്ദേഹം എന്നോട് എന്തിനാ നീ കരയുന്നതെന്ന് ചോദിച്ചു; നെടുമുടി വേണുവിനൊപ്പമുള്ള അഭിനയത്തെ കുറിച്ച് നിമിഷ

മോളിവുഡിലെത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകഹൃദയങ്ങളില്‍ വലിയ സ്ഥാനം നേടിയ നടിയാണ് നിമിഷ സജയന്‍. “ഒരു കുപ്രസിദ്ധ പയ്യന്‍” എന്ന ചിത്രത്തില്‍ നെടുമുടി വേണുവെന്ന വലിയ നടനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ ഒരു അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് നിമിഷ.

“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം വേണുവച്ഛന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചതാണ്, ഞാന്‍ ആദ്യം ചിത്രീകരണത്തിന് ചെല്ലുമ്പോള്‍ വേണുവച്ഛന്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്, മധു ചേട്ടന്‍ പറഞ്ഞു “മോളെ ഓടി വാ വന്നു കാണൂ കോടതി സീനാണ്”, ഞാന്‍ വാദിക്കുമ്പോള്‍ വേണുവച്ഛന്‍ അതിനു മറുപടി പറയുന്ന സീനാണ്. അസ്വസ്ഥത കൊണ്ട് പേനയിട്ടു കുത്തുന്നത്.

ഇതെല്ലം ഞാന്‍ മോണിറ്ററില്‍ കണ്ടു കൊണ്ടിരിക്കുകയാണ്. എനിക്കറിഞ്ഞുകൂടാ വേണുവച്ഛന്റെ അഭിനയം കണ്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. സീന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്ന് കാലില്‍ തൊട്ടു തൊഴുതു, എന്നിട്ട് മടിയില്‍ കിടന്നു കുറെ നേരം കരഞ്ഞു. വേണുവച്ഛന്‍ എന്നെ സമാധാനിപ്പിച്ചു, “എന്തിനാ നീ കരയുന്നത് എന്ന് ചോദിച്ചു”. ഞാന്‍ പറഞ്ഞു എനിക്കറിഞ്ഞൂകൂടാ എനിക്ക് കരയണം, പിന്നെ ഞങ്ങള്‍ നല്ല ക്ലോസായി, ഞങ്ങള്‍ രണ്ടു പേരുമുള്ള സീനുകളില്‍ ഞാന്‍ അഭിനയിച്ചു കഴിയുമ്പോള്‍ മധു ചേട്ടന്‍ “റെഡി കട്ട്” എന്ന് പറഞ്ഞാല്‍ വേണുവച്ഛന്‍ പറയും, “അത് ഒന്നുകൂടി എടുക്കാം നിനക്ക് അത് കൂടുതല്‍ നന്നായി ചെയ്യാന്‍ പറ്റും”,സ്വന്തം അഭിനയത്തേക്കാള്‍ എന്റെ അഭിനയം ഭംഗിയാക്കാന്‍ വേണുവച്ഛന്‍ ശ്രമിക്കുമായിരുന്നു.