വിവാദമൊഴിയാതെ അഭിനേതാക്കളുടെ സംഘടനയായ അമ്മ. നടൻ ടിനി ടോമിന് എതിരായ അൻസിബയുടെ ആരോപണത്തിന് പിന്നാലെ ചേരിതിരിഞ്ഞുള്ള പോർവിളിയാണ് നടക്കുന്നത്. അൻസിബയുടെ ആരോപണത്തിന് പിന്നാലെ നടി നീന കുറുപ്പും ടിനി ടോമിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ ആരോപണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
എല്ലാത്തിനും പിന്നിൽ നീനാ കുറുപ്പാണെന്ന് ലക്ഷ്മിപ്രിയ കുറ്റപ്പെടുത്തി. അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അൻസിബക്കെതിരെ വ്യാജ പൊലീസിൽ പരാതി കൊടുത്തു എന്ന് പറഞ്ഞ എക്സിക്യൂട്ടീവ് അംഗം താനാണെന്നും ലക്ഷ്മിപ്രിയ പറയുന്നു. മതതീവ്രവാദിയാക്കി, ജിഹാദി എന്ന് വിളിച്ചു എന്നത് സംബന്ധിച്ച വിഷയവുമായോ ഇതിന് ബന്ധമില്ല എന്നും ഇപ്പോഴുള്ള ആരോപണങ്ങൾക്ക് എല്ലാം പിന്നിൽ നീന കുറുപ്പാണെന്നും പറഞ്ഞ ലക്ഷ്മിപ്രിയ ജനറൽ സെക്രട്ടറിയും നീന കുറപ്പുമാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ എന്നും പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 10ന് അൻസിബ തനിക്ക് മെസ്സേജ് അയച്ചു. മെസ്സേജ് അയക്കാനുള്ള കാരണം ചോദിച്ചെങ്കിലും പറഞ്ഞില്ല. ഈ മെസ്സേജിനെ ചൊല്ലി വീട്ടിൽ ഭർത്താവുമായി പ്രശ്നങ്ങൾ ഉണ്ടായി. കുടുംബജീവിതം മോശമാകുന്ന ഘട്ടത്തിൽ എത്തിയപ്പോഴാണ് വനിതാസെല്ലിൽ പരാതി നൽകിയത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭർത്താവിനോട് സംസാരിക്കണം എന്ന് മാത്രമാണ് അൻസിബയോട് പറഞ്ഞത്.
അംഗങ്ങൾ അറിയാതെ സെക്രട്ടറി കാര്യങ്ങൾ ചെയ്യുന്നു. ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പ്രസിഡന്റിനെ അറിയിക്കുന്നില്ല.സെക്രട്ടറിയുടെ ശിങ്കിടിയാണ് നീന കുറുപ്പ് അവരെ പ്രീതിപ്പടുത്താത്തതിനാൽ തനിക്ക് ഒരു മാസത്തോളം കാലം അമ്മയിൽ നിന്ന് വിലക്ക് ഉണ്ടായിട്ടുണ്ടെന്നും അമ്മയുടെ കുടുംബ യോഗത്തിൽ ഇനി ടിനി ടോമിനെ തെറിവിളിച്ചത് നീന കുറുപ്പാണെന്നും ലക്ഷ്മി പ്രിയ പ്രതികരിച്ചു. അൻസിബയെയും മലയാളത്തിലെ മഹാ നടനെയും ചേർത്ത് കുക്കു പരമേശ്വരൻ മോശമായി പറഞ്ഞുവെന്ന് ഓഫീസ് സ്റ്റാഫ് അതുല്യ നൽകിയ പരാതിയിൽ പറയുന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സരയു സാക്ഷിയാണ്. ടിനിടോമിനെതിരെ അൻസിബ ഇതുവരെ പരാതിപ്പെട്ടിട്ടില്ല. അൻസിബ കൊടുക്കുന്ന പരാതികൾ ഒന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അറിയുന്നില്ല. കമ്മിറ്റിയിലെ പുരുഷന്മാർ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറില്ലെന്നും രാജിവെക്കണമെന്ന് കമ്മിറ്റി തുടങ്ങിയപ്പോൾ തന്നെ അൻസിബയ്ക്ക് താൽപ്പര്യം ഉണ്ടായിരുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ജനറൽ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാനുള്ള കാര്യങ്ങൾ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നടക്കുകയാണ്. ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണ് ഈ വിഷയങ്ങൾക്ക് പിന്നിൽ. ജനറൽ ബോഡിയിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.