ട്രാന്‍സ് വളരെ ഫ്രഷ് ആണ്, ഒപ്പം എന്റെ കഥാപാത്രവും; നസ്രിയ നസീം

ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രമാണ് “ട്രാന്‍സ്.” ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രത്തില്‍ ഒരു മോട്ടിവേഷണല്‍ ട്രെയിനറായിട്ടാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ട്രാന്‍സ് എന്ന പേരും ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ഏറെ ആകാംക്ഷയാണ് പ്രേക്ഷകരില്‍ ഉയര്‍ത്തുന്നത്. ട്രാന്‍സ് വളരെ ഫ്രാഷായിട്ടുള്ള ചിത്രമായിരിക്കുമെന്നാണ് നസ്രിയ പറയുന്നത്.

“എന്റെ കഥാപാത്രം തിയേറ്ററില്‍ പ്രേക്ഷകനെ ഏതു തരത്തില്‍ എക്സൈറ്റ് ചെയ്യിക്കും എന്ന ആകാംക്ഷയിലാണ് ഞാന്‍. അതിനാല്‍ കഥാപാത്രത്തെ കുറിച്ചൊന്നും പറയുന്നില്ല. ഒന്നു പറയാം, വളരെ ഫ്രഷ് ആണ് ട്രാന്‍സും അതിലെ എന്റെ കഥാപാത്രവും. അത്ര ഹെവി വര്‍ക്ക് അല്ലായിരുന്നു ചിത്രത്തിലെ കഥാപാത്രം. ചുറ്റും പരിചിത മുഖങ്ങളായതിനാല്‍ ഷൂട്ടിംഗ്  ബുദ്ധിമുട്ടുള്ളതല്ലായിരുന്നു.” മനോരമയുമായുള്ള അഭിമുഖത്തില്‍ നസ്രിയ പറഞ്ഞു.

ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ഛായാഗ്രഹണം അമല്‍ നീരദ്. ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററുകളിലെത്തും.