അന്ന് അവര്‍ എന്നെ വളരെ തെറ്റായി ചിത്രീകരിച്ചു; എന്തുകൊണ്ട് അഭിമുഖങ്ങളും സിനിമാ പ്രൊമോഷന്‍ പരിപാടികളും ഒഴിവാക്കുന്നു; ഒടുവില്‍ ആ ചോദ്യത്തിന് മറുപടി നല്‍കി നയന്‍താര

പൊതുവെ അഭിമുഖങ്ങളിലും സിനിമാ പ്രൊമോഷന്‍ പരിപാടികളിലും തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ സാധാരണ കാണാറില്ല. ഇപ്പോഴിതാ എന്തു കൊണ്ടാണിങ്ങനെ അഭിമുഖങ്ങളും സിനിമാ പ്രൊമോഷന്‍ പരിപാടികളെയും ഒഴിവാക്കുന്നതിന്റെ പിന്നിലെ കാരണമെന്ത് എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നയന്‍താര ്. കരിയറിന്റെ തുടക്ക കാലത്തില്‍ മാധ്യമങ്ങള്‍ തന്നെ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ടെന്നും അതുകാരണം പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്നുമാണ് നയന്‍താര പറയുന്നത്.

”ആരംഭ കാലത്തില്‍ എന്നെ മാധ്യമങ്ങള്‍ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. അതിനാല്‍ നിറയെ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അഭിമുഖം വരുമ്പോള്‍ അതില്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ വരും. ഞാന്‍ ചിന്തിക്കുന്നതിനെ കുറിച്ചും പറയേണ്ടി വരും.

എന്നാല്‍ എന്റെ പേഴ്സണല്‍ കാര്യങ്ങള്‍ തന്റേതായി മാത്രം ഇരിക്കണമെന്നതാണ് ആഗ്രഹം. അതുപോലെ തന്നെ ഞാന്‍ ചിന്തിക്കുന്നത് എന്താണ് എന്നുള്ളത് ലോകം അറിയുന്നതില്‍ എനിക്ക് താല്പര്യമില്ല.

അതുപോലെ സിനിമയെ സംബന്ധിച്ചാണെങ്കില്‍ എന്റെ ജോലി അഭിനയം മാത്രമാണ്. അതുകൊണ്ട് ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ മാത്രം സംസാര വിഷയം ആയാല്‍ മതിയെന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണ് ഞാന്‍ മീഡിയ, പ്രൊമോഷന്‍ എന്നിവയില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറിനില്‍ക്കുന്നത്, നയന്‍താര പറഞ്ഞു.