എന്തിനാണ് അവഗണിച്ചത് എന്നറിയില്ല; ഐ.എഫ്.എഫ്.‌കെ തലശ്ശേരി വേദിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സന്തോഷ് രാമന്‍

ഐഎഫ്എഫ്‌കെ തലശ്ശേരി വേദിയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ദേശീയ പുരസ്‌കാര ജേതാവായ കലാസംവിധായകന്‍ സന്തോഷ് രാമന്‍. ജന്മനാട്ടില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ എന്തിനാണ് അവഗണിച്ചത് എന്നറിയില്ലെന്ന് സന്തോഷ് രാമന്‍ മാതൃഭൂമിയോട് പ്രതികരിച്ചു.

വ്യക്തിപരമായി ചെറുപ്പകാലം തൊട്ട് അറിയുന്നവരാണ് തലശേരിക്കാരായ സംഘാടകരില്‍ പലരും. അവര്‍ക്ക് ഇക്കാര്യത്തില്‍ ബോധം ഉണ്ടാകേണ്ടതായിരുന്നു. കെ.പി കുമാരന്‍ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ സംവിധായകന്‍ പങ്കെടുക്കാന്‍ വിളിച്ചിട്ടുണ്ട്.

മേളയുമായി ബന്ധപ്പെട്ട യോഗത്തില്‍ തന്നെ ക്ഷണിക്കുന്നതിനെ കുറിച്ച് ഒരാള്‍ സൂചിപ്പിച്ചിരുന്നതായി അറിയാം എന്നും സന്തോഷ് രാമന്‍ പറഞ്ഞു. കലാപ്രവര്‍ത്തനം തുടങ്ങിയ തലശ്ശേരിയില്‍ മേള എത്തിയതില്‍ സന്തോഷമുണ്ട്. തിയേറ്ററുകള്‍ പൂട്ടിപ്പോകുന്ന സാഹചര്യത്തില്‍ ആസ്വാദകരില്‍ ഇത്തരം മേളകള്‍ ഉണര്‍വുണ്ടാക്കുമെന്നും സന്തോഷ് പറഞ്ഞു.

ടേക്ക് ഓഫ് എന്ന ചിത്രത്തിനാണ് സന്തോഷ് രാമന് സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ഐഎഫ്എഫ്‌കെ കൊച്ചി വേദിയിലേക്ക് സലീം കുമാര്‍, സംവിധായകന്‍ ഷാജി എന്‍. കരുണ്‍, സോഹന്‍ റോയ് എന്നിങ്ങനെ പലരെയും ക്ഷണിക്കാതിരുന്നതിലും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.