ഞാന്‍ ദീപികയെ അഭിനന്ദിക്കുന്നു, അനുപം ഖേര്‍ പാദസേവകനായ ഒരു കോമാളിയാണ്; നിലപാട് വ്യക്തമാക്കി നസറുദ്ദീന്‍ ഷാ

ബോളിവുഡ് നടി ദീപിക പദുകോണ്‍ ജെഎന്‍യുവില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചത് വലിയ വിവാദമായിരുന്നു. ദീപികയെ പിന്തുണച്ച് സാമൂഹിക – സാംസ്‌കാരിക പ്രവര്‍ത്തകരായ ധാരാളം പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ നസറുദ്ദീന്‍ ഷായും ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. ദീപികയെ അഭിനന്ദിച്ച അദ്ദേഹം നടന്‍ അനുപം ഖേറിനെ രൂക്ഷമായി വിമര്‍ശിക്കാനും മറന്നില്ല.

“ഞാന്‍ ട്വിറ്ററിലില്ല. ഈ ട്വിറ്ററിലുള്ളവരും ഞാനും ആഗ്രഹിക്കുന്നത് അവര്‍ക്ക് അവരുടെ മനസ് മാറ്റാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ എന്നാണ്. പിന്നെയുള്ളത് അനൂപം ഖേറിനെ പോലെയുള്ളവരാണ്. അവര്‍ സോഷ്യല്‍ മീഡിയകളില്‍ വളരെ ആക്ടീവാണ്. അനൂപം ഖേറിനെ കാര്യമായിട്ടെടുക്കണമെന്ന് എനിക്ക് തോന്നുന്നില്ല. അയാള്‍ പാദസേവകനായ ഒരു കോമാളി കൂടിയാണ്.”

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത താരം രാജ്യത്ത് വളര്‍ന്നു വരുന്ന വര്‍ഗ്ഗീയതയേയും സിനിമാമേഖലയിലെ മുന്‍നിര താരങ്ങള്‍ നിശ്ശബ്ദരായിരിക്കുന്നതിനെ കുറിച്ചുമൊക്കെ ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു. “സിനിമാ മേഖലയില്‍ നിന്ന് യുവ അഭിനേതാക്കളും സംവിധായകരും നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വലിയ താരങ്ങളുടെ നിശ്ശബ്ദത അപ്രതീക്ഷിതമല്ല. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടെന്ന തോന്നലാകും. പക്ഷെ ദീപിക പദുക്കോണിനും നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു. എന്നിട്ടും അവര്‍ ഇറങ്ങി വന്ന് തന്റെ ഐക്യദാര്‍ഢ്യം അറിയിച്ചു. അഭിനന്ദനീയമാണത്.” നസറുദ്ദീന്‍ ഷാ പറയുന്നു.