ചില ചെക്കന്‍മാര്‍ വന്ന് തോളില്‍ കൈവെയ്ക്കാന്‍ ശ്രമിക്കും, അതെനിക്ക് ഇഷ്ടമല്ല: നമിത പ്രമോദ്

നമിത പ്രമോദ് കേന്ദ്രകഥാപാത്രമായെത്തുന്ന അല്‍മല്ലു റിലീസിന് റിലീസിന് തയ്യാറെടുക്കുകയാണ്. പ്രവാസിയായ ഒരു പെണ്‍കുട്ടി നേടിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തില്‍ ചില ആരാധകരുടെ സ്‌നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നമിത.

“ചില സമയത്ത് ചിലരുടെ ആരാധനയില്‍ അസ്വസ്ഥത തോന്നിയിട്ടുണ്ട്. ചേച്ചിമാരും ചേട്ടന്മാരും ചെറിയ കുട്ടികളുമൊക്കെ സ്‌നേഹത്തോടെ വന്ന് സംസാരിക്കും. ഫോട്ടോയെടുക്കും. പക്ഷേ ചില ചെക്കന്മാര് വന്നിട്ട്, നമ്മുടെ തോളിലൊക്കെ കൈ വെയ്ക്കാന്‍ നോക്കും. അത് എനിക്കിഷ്ടമല്ല. നമ്മളെ ഒട്ടും പരിചയമില്ലാത്ത ആളുകളാണ്. അതില്‍ അസ്വസ്ഥത തോന്നാറുണ്ട്.”

“എനിക്ക് അധികം കൂട്ടുകാര്‍ ഒന്നുമില്ല. അതുകൊണ്ടു തന്നെ പുറത്തുപോയി അടിച്ച് പൊളിച്ച് നടക്കുന്ന ഒരാളല്ല. എന്നാല്‍ ഞാന്‍ പുറത്തൊക്കെ പോകാറുണ്ട്. അപ്പോള്‍ ചിലപ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ പര്‍ദ്ദയൊക്കെ ഇട്ട് പോയിട്ടുണ്ട്. എന്നാലും കണ്ണുകള്‍ കണ്ട് ചിലരൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ട്. അല്‍മല്ലു എന്ന സിനിമ ഏറെ പ്രതീക്ഷയുള്ളതാണ്. ഒരു സാധാരണ പെണ്‍കുട്ടിയുടെ കഥയാണിത്. ഒരു സാധാരണ കുട്ടിയായി ചെറിയ സ്‌കൂളില്‍ പഠിച്ചിട്ട് ഒരു ഐടി കമ്പനിയില്‍ എത്തുമ്പോള്‍ നേരിടുന്ന പ്രശ്‌നമാണ് സിനിമ.” ബിഹൈന്റ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ നമിത പറഞ്ഞു.

ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍ എന്നിവയ്ക്ക് ശേഷം ബോബന്‍ സാമുവല്‍ ഒരുക്കുന്ന ചിത്രമാണ് അല്‍മല്ലു. മിയ, സിദ്ദിഖ്,  മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം രഞ്ജിന്‍ രാജ്. ഛായാഗ്രഹണം വിവേക് മേനോന്‍.