ഈശോ എന്ന് പേരിടാം, എന്നാല്‍ സംവിധാനം മാര്‍ട്ടിന്‍ പ്രക്കാട്ടോ, എബ്രിഡ് ഷൈനോ, ലാല്‍ ജോസോ ആയിരിക്കണം'; വൈദികന്‍ പറഞ്ഞതിനെ കുറിച്ച് നാദിര്‍ഷ

ഈശോ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ നാദിര്‍ഷ. മതം നോക്കിയല്ല താന്‍ സിനിമ ചെയ്യുന്നത്. സിനിമയിലൂടെ ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവിയോട് നാദിര്‍ഷ പ്രതികരിച്ചു. വിവാദങ്ങള്‍ക്കിടെ ഒരു വൈദികന്‍ തന്നെ വിളിച്ച് പറഞ്ഞത് കേട്ട് വിഷമിച്ചു എന്നും നാദിര്‍ഷ പറഞ്ഞു.

ഈശോ എന്ന് സിനിമയ്ക്ക് പേരിടാം. ഒരു പ്രശ്‌നവുമില്ല. പക്ഷെ അത് മാര്‍ട്ടിന്‍ പ്രക്കാട്ടോ, എബ്രിഡ് ഷൈനോ, ലാല്‍ ജോസോ ആയിരുന്നെങ്കില്‍ വിഷമമില്ലായിരുന്നു എന്നാണ് വൈദികന്‍ പറഞ്ഞത് എന്ന് നാദിര്‍ഷ പറയുന്നു. ആ അച്ചന്‍ അങ്ങനെ പറഞ്ഞപ്പോള്‍ വല്ലാതെ ഫീല്‍ ചെയ്തു.

മതത്തെ ലക്ഷ്യമിട്ട് തന്നെയാണ് ഇവര്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തുന്നത് എന്ന് തോന്നുന്നുവെന്നും നാദിര്‍ഷ പറഞ്ഞു. അതേസമയം, ഈശോ എന്ന പേര് താന്‍ സ്വന്തം ഇഷ്ട പ്രകാരം ഇട്ടതല്ല. നിര്‍മാതാവ്, നായകന്‍ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണ്. വിവാദങ്ങളില്‍ അടിസ്ഥാനമില്ല എന്നും നാദിര്‍ഷ പ്രതികരിച്ചിട്ടുണ്ട്.

സിനിമയുടെ പേര് മാറ്റേണ്ട സാഹചര്യവുമില്ല. സിനിമയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നത് അംഗീകരിക്കാനാവില്ല. മുമ്പ് സമാന പേരുകളുമായി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത വിവാദം ഇപ്പോള്‍ നടക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല എന്ന് നാദിര്‍ഷ പറഞ്ഞു.