'ആരും ഇന്നേവരെ ചെവിക്കൊള്ളാന്‍ കൂട്ടാക്കാത്ത, ഒരു കൂട്ടനിലവിളിയാണ്, ഒച്ചയിട്ടാലേ സത്യത്തിന് പോലും ഇവിടെ മെച്ചമുള്ളൂ'; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുരളി ഗോപി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി മുരളി ഗോപി.’ഓരോ ദുരന്തസന്ധിയിലും ഉയര്‍ന്നു കേള്‍ക്കുന്ന, എന്നാല്‍ ആരും ഇന്നേവരെ ചെവിക്കൊള്ളാന്‍ കൂട്ടാക്കാത്ത, ഒരു കൂട്ടനിലവിളിയാണ് ഇതെങ്കിലും ഏവരും ഇതില്‍ പങ്ക് ചേര്‍ന്നേ പറ്റൂ. കാരണം, ഒച്ചയിട്ടാലേ സത്യത്തിന് പോലും ഇവിടെ മെച്ചമുള്ളൂ’, അദ്ദേഹം പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ച് നടന്‍ പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഉള്‍പ്പെടെ നിരവധി സിനിമ താരങ്ങള്‍ വന്നിരുന്നു. 120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി എന്ന് പൃഥ്വിരാജ് പറഞ്ഞു.

ആശങ്കകള്‍ പങ്കുവെയ്ക്കാന്‍ ഞങ്ങള്‍ക്കൊപ്പം അണിചേരുക. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അധികാരികള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നുവെന്ന് ഉണ്ണി മുകുന്ദനും ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പൃഥ്വിരാജിനെതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. തമിഴ് സിനിമകളില്‍ പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭകര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു.

സുപ്രീംകോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളിറക്കിയ പൃഥ്വിരാജിനും അഡ്വ. റസ്സല്‍ ജോയ് എന്നിവര്‍ക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്ന് അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ്.ആര്‍. ചക്രവര്‍ത്തി ആവശ്യപ്പെട്ടു. കളക്ടര്‍ക്കും എസ് പിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പൃഥ്വിരാജിന്റെ പ്രസ്താവന തമിഴ്നാടിന്റെ താത്പര്യത്തിന് എതിരാണെന്ന് എംഎല്‍എ വേല്‍മുരുകന്‍ പറഞ്ഞു. പൃഥ്വിരാജിനെ പോലെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്നും, തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ നിലപാട് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു